Wednesday, August 10, 2011

[www.keralites.net] ഇതിനു തലക്കെട്ട്‌ ഇന്നത്തെ ഏതെന്കിലും മലയാള പത്രത്തില്‍ നിന്നും അനുയോജ്യമെന്നു തോന്നുന്നത് നിങ്ങള്‍ തന്നെ തെരഞ്ഞെടുത്തു കൊള്ളുക

 

ആദ്യമേ അല്പം വലിയ ഫ്ലാഷ് ബാക്ക്.

ഇത് സംഭവിച്ചത് (ക്ഷമിക്കണെ, ഭാവന കുറവാണ്, അതുകൊണ്ടാണ് സംഭവങ്ങള്‍ മാത്രം വിവരിക്കുന്നത്), കുറെ വര്‍ഷങ്ങള്‍ക്കു മുമ്പാണ്. കുറെ വര്ഷം എന്ന് പറഞ്ഞാല്‍ പണ്ട് പണ്ട് ഏതാണ്ട് രണ്ടായിരത്തി അഞ്ചില്‍.

അന്ന് ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ആയതുകൊണ്ട്, ജോലിപ്പേര് കരാറില്‍ മാത്രേ കാര്യമായിട്ടുള്ളൂ. ചിലപ്പോള്‍, പ്യൂണ്‍, ചിലപ്പോള്‍ അറ്റന്ടെര്‍, ചിലപ്പോള്‍ മെസ്സെഞ്ചര്‍, മറ്റു ചിലപ്പോള്‍ ടെലെഫോണ്‍ ഫാക്സ് ഓപ്പറേറ്റര്‍ ഇതൊന്നും അല്ലാത്തപ്പോള്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്നിങ്ങനെ ആപ്പീസില്‍ വിലസുന്ന കാലം.

അങ്ങനെ അക്കാലത്ത്, ആപ്പീസില്‍ ഉണ്ടായിരുന്ന ഒരു ഗോസായിക്ക് (ഇവിടെ സത്യത്തില്‍ നല്ല ആള്‍ക്കാര്‍ ഇല്ലാത്തത് കൊണ്ടൊന്നുമല്ല പണം നല്‍കുന്ന സായിപ്പ് ഗോസായിയെ പണി ഏല്‍പ്പിച്ചത്, സായിപ്പന്മാര്‍ മൂരാച്ചികള്‍ ആണ്, അവര്‍ക്ക് കൃത്യ സമയത്ത് കാര്യങ്ങള്‍ നടക്കണം), കേരള ഫിഷ്‌ കറി മീല്‍സ് കഴിക്കണം (ഊണ് അല്ല, ഈ മീല്‍സ് എന്ന് പറയുന്ന സാധനം). ആപ്പീസിലെ സകലകലാ വല്ലഭനായ ഞാനും, ഞങ്ങളുടെ മാനേജരും വാടകക്ക് എടുത്ത ടൊയോട്ട ക്വാളിസ്‌ കാറില്‍ നഗരത്തിലെ സമ്പന്നര്‍ താമസിക്കുന്ന ഒരു പ്രദേശത്തിലെ ഒരു രുചിയുടെ 'കലവറ'യില്‍ 'ഫിഷ്‌ കറി മീല്‍സ്' പാര്‍സല്‍ വാങ്ങാന്‍ പോയി. ഇങ്ങനെ, സമ്പന്നര്‍ കയറുന്ന കടയില്‍ പോയാല്‍, എല്ലാം ഫ്രഷ്‌ ആയെ കിട്ടൂ എന്ന് നമുക്കെല്ലാം അറിയാവുന്നതല്ലേ. ഒരു ചായ പറഞ്ഞാല്‍, ഫ്രഷ്‌ പാല് കൊണ്ടുവന്നു ഫ്രഷ്‌ പാത്രത്തില്‍ ചൂടാക്കി, ഫ്രഷ്‌ മിനറല്‍ വാട്ടര്‍ ചേര്‍ത്ത്, ഫ്രഷ്‌ പഞ്ചാരകട്ടയും, തേയിലയും ഒക്കെ ആയി നമ്മുടെ മുന്നില്‍ ഫ്രെഷായി കൊണ്ട് വയ്ക്കും. അപ്പോഴേക്കും, രാവിലെ കുളിച്ചു ഫ്രെഷായി വന്ന നമ്മുടെ ഫ്രെഷ്നെസ് കമ്പ്ലീറ്റ്‌ പോയിരിക്കും. അത് വേറെ കാര്യം.

പതിവുപോലെ, തൊപ്പിക്കാരന്‍ സപ്ലയര്‍ സായിപ്പ് വന്നു, മെനു പുസ്തകം തന്നു. സായിപ്പിനെ ഇംഗ്ലീഷ് പഠിപ്പിക്കുന്നവര്‍ തയ്യാറാക്കിയ മെനു പുസ്തകം വായിച്ചിട്ട്, സത്യത്തില്‍ ഒന്നും മനസ്സിലായില്ല. എന്നാലും വളരെ ഗൌരവത്തില്‍, പേജുകള്‍ മറിച്ചു നോക്കിക്കൊണ്ട് ഞാനിരുന്നു. മനെജേര്‍, മുറുക്കി ചുവപ്പിച്ച നാവുകൊണ്ട് "പുള്ളേ, രണ്ടു ഊണ്, മീന്‍കറി, പൊരിച്ച മീനു" ഇത്രയും പൊതിഞ്ഞു എടുത്തേക്കു" എന്ന് ഓര്‍ഡര്‍ ചെയ്തു. "പാഴ്സല്‍ ആണോ സാര്‍", സപ്ലയര്‍ സായിപ്പ് ചോദിച്ചു. നല്ല കാലത്തിനു, മാനേജര്‍ മറുപടി പറഞ്ഞില്ല.

വീണ്ടും സപ്ലയര്‍ സായിപ്പ്, "'ടേബിളില്‍' എന്താ വേണ്ടത് സാര്‍?"

"രണ്ടു ബോഞ്ചി" മാനേജര്‍

"എന്താ സാര്‍" സപ്ലയര്‍ സായിപ്പ്‌.

"ബോഞ്ചി, നാരങ്ങാ വെള്ളം" ഞാന്‍.

"പ്ലൈന്‍ ലൈം ജ്യൂസ്‌ ഇല്ല സാര്‍. ജിഞ്ചര്‍ ലൈം എടുക്കട്ടെ".

"എന്തെരു മ് ...... എങ്കിലും കൊണ്ട് വാ". ആ മ്' മനജേര്‍ സാര്‍ പൂരിപ്പിച്ചില്ല, അതുകൊണ്ട് ഞാനും ഇവിടെ പൂരിപ്പിക്കുന്നില്ല.

ഞങ്ങള്‍ പൊതിച്ചോറും, നാരങ്ങാ വെള്ളം എന്ന ബോഞ്ചിയും കാത്തു എ.സി. യുടെ തണുപ്പില്‍ വിറങ്ങലിച്ചു ഇരുന്നു.

ഈ കാത്തിരിപ്പിനിടയില്‍ മനപൂര്‍വം അല്ലാതെ, എന്റെ ശ്രദ്ധ രണ്ടു മേശകള്‍ക്ക് അപ്പുറം ഇരിക്കുന്ന രണ്ടു പേരിലേക്ക് തിരിഞ്ഞു. രണ്ടുപേര്‍ അടുത്തടുത്ത്‌ ഇരുന്നു പതിഞ്ഞ ശബ്ദത്തില്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. വളരെ മോഡേണ്‍ ആണ്. രണ്ടുപേരും ടി- ഷര്‍ട്ടും ജീന്‍സും. മീശയില്ല. കണ്ണട - കറുത്ത കണ്ണട - വച്ചിട്ടുണ്ട്. ഒരാള്‍, മറ്റൊരാളുടെ തോളിലൂടെ കയ്യിട്ടിട്ടുണ്ട്. അവര്‍ ആരാണെന്നോ, എന്താണെന്നോ, എന്താണ് സംസാരിക്കുന്നതെന്നോ അറിയാന്‍ വയ്യ. മറ്റുള്ളവരെ ശ്രദ്ധാപൂര്‍വം ശ്രദ്ധിക്കുക എന്നത് നമ്മുടെ ഒരു വലിയ കഴിവാണല്ലോ. ഞാനും അത് തന്നെ ചെയ്തു. മാനേജര്‍ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അദ്ധേഹത്തിന്റെ ശ്രദ്ധയും അങ്ങോട്ട്‌ തന്നെ.

എതിരെ ഇരിക്കുന്നവര്‍ രഹസ്യം പറയുന്നത് തുടരുകയാണ്. ഏതെന്കിലും പണക്കാരു വീട്ടിലെ പയ്യന്മാര്‍ ആയിരിക്കും എന്ന് കരുതി. തോളിലൂടെ കയ്യിട്ടിരിക്കുന്നവന്‍ ഇടയ്ക്കിടെ ആ കയ്യ് കൊണ്ട് മറ്റവന്റെ തോളില്‍ താളം പിടിക്കുന്നു. ചിലപ്പോള്‍ രഹസ്യം കാതില്‍ അല്ല പറയുന്നത് എന്ന് തോന്നും. കവിളിലും ചുണ്ടിലും ഒക്കെ രഹസ്യം പറയുന്നോ? എവിടെയോ ഒരു എന്തോ!

ഇടയ്ക്കു രഹസ്യം കേട്ട് കൊണ്ടിരുന്നവന്‍ പെട്ടെന്ന് ആരെയോ തിരയുന്നത് പോലെ തല വെട്ടിച്ചു നോക്കി. അപ്പോള്‍ ഞെട്ടിയത് ഞാനാണ്. അത് അവന്‍ ആയിരുന്നില്ല, അവള്‍ ആയിരുന്നു.

"യാ, വീ ആര്‍ ഹിയര്‍', മേക്‌ ഇറ്റ്‌ ഫാസ്റ്റ്‌", മറ്റൊരു കോണില്‍ നിന്നും മറ്റൊരു കിളിമൊഴി.

ഓഹ്, അപ്പോള്‍ മലയാളികള്‍ അല്ല. ടെക്നോപാര്‍ക്കില്‍ വന്നിട്ടുള്ള ഏതെന്കിലും ഗോസായിമാര്‍ ആയിരിക്കും. സമാധാനമായി. മലയാളി ആയിരുന്നെങ്കില്‍ എന്തോ ഒരു വിഷമം തോന്നിയേനെ, മനസ്സില്‍.

ഇത്രയും ആയപ്പോഴേക്കുംമാനേജര്‍ പറഞ്ഞ ബോഞ്ചി വന്നു. തണുത്തുറഞ്ഞ ബോഞ്ചി, മധുര പ്രിയനായ ഞാന്‍ അല്പം നുണഞ്ഞു.ഉപ്പാണോ, പുളിപ്പാണോ, ചവര്‍പ്പാണോ, ഒന്നും അറിയാന്‍ പറ്റാത്ത ഒരു രുചി (അരുചി എന്നാണു പറയേണ്ടത്‌). മധുരം ഇല്ല. വലിയവര്‍ കുടിക്കുന്ന സാധനമല്ലേ എന്ന് കരുതി ഞാന്‍ മിണ്ടാതിരുന്നു. ഇനി ഇതുവല്ല ഡയറ്റ്‌ ബോഞ്ചി ആയിരിക്കുമോ എന്നും സംശയിച്ചു. വീണ്ടും ശ്രദ്ധ ഗോസായി മിഥുനങ്ങളിലേക്ക് തിരിഞ്ഞു. പയ്യന്‍സ് ചുമലിലെ താളംപിടി ഇപ്പോള്‍ രണ്ടു കയ്യ് കൊണ്ടുമായി. പയ്യി, ഇപ്പോള്‍ തല കുമ്പിട്ടിരിപ്പാണ്. ഞാനും മാനേജരും ഒരേ വശത്ത് ഇരിക്കുന്നത് കൊണ്ട് മുഖത്തോട് മുഖം നോക്കിയില്ല. എങ്കിലും പിന്നീട് ഞങ്ങള്‍ വെറുതെ ഗോസായിമ്മാരെ കൊണ്ട് മലയാളികളെ തെറി വിളിപ്പിക്കേണ്ട എന്ന് കരുതി ആ ഭാഗത്തോട്ടു ശ്രദ്ധിച്ചില്ല.

പൊതിചോറ് കിട്ടിയപ്പോള്‍, ബില്ലിലെ കാശ് കണ്ണ് തള്ളാതെ (സര്‍ക്കാരിന്റെ കാശായത് കൊണ്ട് കണ്ണ് തള്ളിയില്ല, അല്ലെങ്കില്‍, ഞങ്ങളെ ആരെങ്കിലും ആശുപത്രിയിലെ ഉന്തുവണ്ടിയില്‍ തള്ളേണ്ടി വന്നേനെ) കൊടുത്തുകൊണ്ട് രണ്ടുപേരും പുറത്തേക്കു നടന്നു. പെട്ടെന്ന് പുറകില്‍ നിന്നും ആരോ അടിക്കുവാന്‍ വരുന്നത് പോലെ ഒരു തോന്നല്‍. ഞാന്‍ മാനേജരെ പിടിച്ചുകൊണ്ടു ഒരു വശത്തേക്ക് പെട്ടെന്ന് മാറി.

നേരത്തെ നമ്മുടെ എതിരെ ഇരുന്ന ഗോസായി പയ്യി പാഞ്ഞു വരുന്നു. മുഖം ആകെ ചുവന്നിരിക്കുന്നു. കൊടുങ്കാറ്റു പോലെ അവള്‍ കതകു വലിച്ചു തുറന്നു പുറത്തേക്കു പാഞ്ഞു. അല്പം പുറകിന്നായി പയ്യനും വരുന്നു.

"ഹേയ്, ദേവി, പ്ലീസ്, നില്‍ക്കൂ, പോകരുത്, പ്ലീസ്. ഞാന്‍ ഒന്ന് പറഞ്ഞോട്ടെ, പ്ലീസ്., ദേവി..."

പയ്യന്‍സ് പച്ച മലയാളത്തില്‍ പറയുന്നു. (പ്ലീസ് പച്ച മലയാളം ആണോ എന്ന് ചോദിച്ചാല്‍, തന്നെ, അല്ല പിന്നെ). ഞാന്‍ ഞെട്ടി എന്ന് വീണ്ടും പറയുന്നില്ല. അങ്ങനെ പറഞ്ഞാല്‍ നിങ്ങള്ക്ക് ഒരു സംശയം വരും, ഇവന്‍ ആരാട വല്ല രാഷ്ട്രീയക്കാരനുമാണോ എപ്പോഴും ഇങ്ങനെ ഞെട്ടാന്‍?

പയ്യന്‍സിന്റെ പുറകില്‍ വേറെ രണ്ടാണും ഒരു പെണ്ണും. അവരും തിരക്കില്‍ വരുന്നു.

"പു.... നിന്നോട് ഞാന്‍ പറഞ്ഞതല്ലേ, സൂക്ഷിക്കണമെന്ന് മ..."

"അളി, ഞാന്‍ ഒന്നും ചെയ്തില്ല, മ... പെട്ടെന്ന് കലിപ്പാക്കി..."

"ഈശ്വരാ, ഇനി എന്താവുമോ എന്തോ... മാറി നില്ലെടാ പട്ടീ..." രണ്ടാമത്തെ പെണ്‍കുട്ടി, പയ്യന്മാരെ കടന്നു ആദ്യത്തെ പെണ്‍കുട്ടിയുടെ പുറകെ പാഞ്ഞു. പുറകെ വന്ന പയ്യന്മ്മരില്‍ ഒരുവന്‍ കുറെ അഞ്ഞൂറ് രൂപ നോട്ടുകള്‍ എടുത്തു സപ്ലയരുടെ കയ്യില്‍ കൊടുത്തിട്ട്, "ബില്ലോക്കെ പിന്നെ നോക്കാം" എന്ന് പറഞ്ഞു എല്ലാവരും പുറത്തേക്കു പാഞ്ഞു.

ഞങ്ങളും പുറത്തേക്കു ഇറങ്ങി. പുറത്തു ക്വാളിസിന്റെ ഡ്രൈവര്‍ മഹാത്ഭുതം കണ്ടത് പോലെ വായും പൊളിച്ചു പെണ്‍കുട്ടികള്‍ പോയ ഭാഗത്തേക് നോക്കി നില്‍ക്കുന്നു. രണ്ടുപേരും ഓട്ടോയില്‍ കയറി പോകുന്നു.

"സാറേ, നമ്മുടെ ...... ടി.വി.യില്‍ മറ്റേ പരിപാടിയില്‍ വരുന്ന കൊച്ചല്ലേ സാറേ ആ പോയത്. കൂടെയുള്ളത് മറ്റേ സീരിയലിലെ മറ്റവന്റെ അനിയത്തിയായി അപിനയിക്കണതു. ടി.വിയില്‍ കാണുന്നത് പോലെ തന്നെ അല്ലെ സാറേ."

"ആഹ്, ആര്‍ക്കറിയാം?" ഞാനും മാനേജരും ഒരുപോലെ പറഞ്ഞു.

വലിയ ഫ്ലാഷ് ബാക്ക്‌ തീര്‍ന്നു.

ഇനി ഈ സംഭവത്തിന്‍റെ മുന്‍ഭാഗവും, പിന്‍ഭാഗവും പൂര്‍ത്തിയാക്കുന്നതിനും, ശീര്‍ഷകത്തിനും നിങ്ങള്‍ വായിക്കുന്ന ദിവസത്തെ ഏതെന്കിലും മലയാള ദിനപത്രം നോക്കിയാല്‍ മതി. (പ്രഭാത ദിനപത്രം തന്നെ നോക്കണം. മധ്യാഹ്ന, സായാഹ്ന പത്രങ്ങള്‍ ആണെങ്കില്‍ ഏത് തലക്കെട്ട്‌ ഇടണമെന്ന് നിങ്ങള്ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാകും, കാരണം, ഏതെടുത്താലും ചേരും).

ഗുരുദാസ്‌ സുധാകരന്‍ Gurudas Sudhakaran
Mob: +91-9447 55 40 55
തിരുവനന്തപുരം Thiruvananthapuram
കേരളം Keralam




www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment