Saturday, August 20, 2011

[www.keralites.net] അണ്ണാ ഹസാരെ അവിടെയും ഇവിടെയും

 

അണ്ണാ ഹസാരെ അവിടെയും ഇവിടെയും.

യാസര്‍ അറഫാത്ത് പി.കെ

Fun & Info @ Keralites.net

ഈ എഴുത്ത് സ്വാതന്ത്ര്യാനന്തര ഭാരതം സാക്ഷ്യംവഹിക്കുന്ന ഏറ്റവും വൃത്തികെട്ട അഴിമതിക്കഥകള്‍ക്കെതിരെ നടക്കുന്ന ശബ്ദങ്ങള്‍ക്കെതിരെ മുഖംതിരിക്കുന്ന ഒന്നല്ല. ഒരു ജനാധിപത്യസംവിധാനത്തില്‍ പൗരന്മാര്‍ക്ക് ലഭ്യമായ അവകാശങ്ങള്‍ നിഷേധിക്കുന്ന ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോല്‍പിക്കുകതന്നെ വേണം. അതേസമയം, അധികാരത്തിലിരിക്കുന്നവരെ വിമര്‍ശവിധേയമാക്കുമ്പോള്‍തന്നെ, സ്വയംവിമര്‍ശത്തിനു തയാറാവാത്തവരെ പരിശോധിക്കുകയെന്നതും ജനാധിപത്യക്രമങ്ങളുടെ ഭാഗം മാത്രം.

അഴിമതിവിരുദ്ധ സമരം ഇത്രയും ശ്രദ്ധയാകര്‍ഷിച്ചത്അണ്ണാ ഹസാരെരംഗത്തു വന്നപ്പോഴാണ്. ആരാണ് ഇദ്ദേഹം, 'അഭിനവ ഗാന്ധി' എന്നബിംബനിര്‍മിതിയിലേക്ക് കാര്യങ്ങളെത്തിയത് എങ്ങനെ തുടങ്ങിയ ചോദ്യങ്ങള്‍ ചിലരെയെങ്കിലും വലച്ചിട്ടുണ്ടാവും. ഉഷ്ണം പരത്തുന്ന, അകക്കാഴ്ചകളുടെയും കാഴ്ചപ്പാടുകളുടെയും കെട്ടുപാടുകളില്ലാത്ത, പരുത്ത ഖാദിവസ്ത്രങ്ങളണിഞ്ഞ് ഇന്ത്യന്‍ രാഷ്ട്രീയ കമ്പോളത്തിലേക്ക് നവഗാന്ധിയുടെ പരിവേഷവുമായി ഇറങ്ങിവന്നു ഈ മറാത്തക്കാരന്‍. അയോധ്യയും മണ്ഡലുംകൊണ്ട് ചുട്ടികുത്തി തകര്‍ന്നാടിയ ഹിന്ദുത്വ രാഷ്ട്രീയം, പിന്നീടുണ്ടായ രാഷ്ട്രീയപരിസരങ്ങളില്‍ മങ്ങിപ്പോയപ്പോള്‍ ഒരു കരിഷ്മയുള്ള വ്യക്തിത്വത്തെ തേടുകയായിരുന്നു. അവര്‍ക്ക് വീണുകിട്ടിയ വള്ളിയായിഈ ഗാന്ധിയന്‍.

ഹസാരെ ഉയര്‍ത്തുന്ന അഴിമതിവിരുദ്ധ സമരത്തിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ അറിയണമെങ്കില്‍ റാലിഗന്‍ സിദ്ധിയെ അറിയണം. സൂക്ഷ്മമായി നോക്കുമ്പോള്‍, പാരമ്പര്യനൈതികതയുടെ തെളിയിക്കപ്പെട്ട മാതൃകയായിട്ടാണ്അണ്ണാ ഹസാരെയുടെ ഗ്രാമമായ റാലിഗന്‍ സിദ്ധി ഉയര്‍ന്നുനില്‍ക്കുന്നത്. മറാത്ത ദേശീയതയുടെ വിവിധ ബിംബനിര്‍മിതികളെയും സാങ്കല്‍പികശത്രുക്കളെയുംകാണിച്ചുപടുത്തുയര്‍ത്തിയ ഒരു പ്രത്യേക പ്രാദേശിക വംശീയതയെ പ്രതിനിധാനം ചെയ്യുന്നു ഈ ഗ്രാമം. കൃത്യമായ ഒരു സാംസ്‌കാരിക ദേശീയതപ്രതലത്തില്‍നിന്ന് ഉയര്‍ന്നുവന്ന ആചാരങ്ങളിലൂന്നിയഒരു കേന്ദ്രീകൃതാവസ്ഥഈ ഗ്രാമത്തില്‍ കാണാം. അതിനിയന്ത്രണത്തിന്റെയും അനുസരണപ്രക്രിയയുടെയും വേദവ്യവസ്ഥകളുടെയുംഒരു സ്വേച്ഛാധിപത്യക്രമം ഈ ഗ്രാമീണവ്യവസ്ഥയുടെ പ്രത്യേകതയാണ്.

കുറ്റാരോപിതരെയും കുറ്റം ചെയ്തവരെയും ഹരിയാനയിലെ സ്ത്രീ/ദലിത്‌വിരുദ്ധ'ഖാപ് പഞ്ചായത്ത്' രീതിയില്‍ കുറ്റവും ശിക്ഷയും വിധിക്കുന്ന രീതിയുണ്ട്ഇവിടെ. 'കുറ്റവാളികളെ' മധ്യകാല സംസ്‌കാരങ്ങളിലെപോലെ നാല്‍ക്കവലയില്‍കെട്ടിയിട്ട്, തന്റെ പട്ടാള ബെല്‍റ്റുകൊണ്ട്തല്ലു കൊടുത്തു ശിക്ഷിക്കുന്ന ഒരു ഫ്യൂഡല്‍ രീതിയാണ് ഹസാരെ ഇവിടെ പ്രയോഗിച്ചുവരുന്നത്. ജനാധിപത്യക്രമങ്ങളെയും ആധുനിക നീതിന്യായ സംവിധാനങ്ങളെയുംകാറ്റില്‍ പറത്തുന്ന 'ഖാപ് പഞ്ചായത്തുകളു'ടെ പ്രകട പിന്തുണ, അഴിമതിവിരുദ്ധ സമരങ്ങള്‍ക്ക്കിട്ടുന്നതില്‍ അദ്ഭുതമില്ല. ക്ഷേത്രകേന്ദ്രീകൃതമായ ഒരു ഗ്രാമവ്യവസ്ഥയിലെ, രാജാവും മന്ത്രിയും പൂജാരിയുമൊക്കെയായിവാഴുന്ന, ഫ്യൂഡല്‍ അംശങ്ങള്‍ ഇപ്പോഴുംകൊണ്ടുനടക്കുന്ന ഒരു കരിഷ്മാറ്റിക്പുരുഷന്റെ നിയന്ത്രണമാണ് ഈ ഗ്രാമത്തെ വ്യത്യസ്തമാക്കുന്നത്. ക്ഷേത്രകേന്ദ്രീകൃതമായ ഒരു ആവാസവ്യവസ്ഥയിലെ തീരുമാനങ്ങളും വര്‍ണവ്യവസ്ഥ മുന്നോട്ടുവെക്കുന്ന ശുദ്ധി /ശ്രേണി ബന്ധിതമായിരിക്കും എന്നത് ചരിത്രത്തിന്റെ പിന്തുടര്‍ച്ച മാത്രമായി കരുതാം. ബീഡി, സിഗരറ്റ് മുതലായവയും സിനിമയും നിയമവിരുദ്ധമാക്കിയ ഈ ഗ്രാമം 2001ല്‍ സന്ദര്‍ശിച്ചപ്പോള്‍ ചരിത്രപുസ്തകത്തില്‍നിന്ന് അടുത്തറിഞ്ഞ പടിഞ്ഞാറന്‍ യൂറോപ്പിലെ ഏതെങ്കിലുംഒരുമനോരിയാല്‍ കോട്ടയിലകപ്പെട്ടതുപോലെയാണ് എനിക്കു തോന്നിയത്. ഒരു ഗ്രാമം മുഴുവനുംദൈവവും ഗാന്ധിയും അവതാരപുരുഷനും കമാന്‍ഡറുമായി ആരാധിക്കുന്ന ഒരു വ്യക്തിത്വത്തിന്റെ സമ്പൂര്‍ണവരുതിയില്‍തന്നെ റാലിഗന്‍ സിദ്ധി പത്തു വര്‍ഷത്തിനുശേഷവുംമാറ്റമില്ലാതെതുടരുന്നുവെന്ന്അവിടം സന്ദര്‍ശിച്ച പലരില്‍നിന്നും അറിയാന്‍ കഴിഞ്ഞു. മാത്രമല്ല, ഇപ്പോള്‍ ഭക്ഷണ/വസ്ത്രധാരണമടക്കംനിയന്ത്രണവിധേയമായിരിക്കുന്ന ഒരു പരിപൂര്‍ണ അഗ്രഹാരമായിരിക്കുന്നുവത്രെ. ജനാധിപത്യസംവിധാനത്തിന്റെ പ്രകടമുദ്രകളിലൊന്നായ പ്രാതിനിധ്യസഭകളോ മറ്റു സംവിധാനങ്ങളോ റാലിഗന്‍ സിദ്ധിയില്‍ ഇല്ല. ശ്രേണീബന്ധിതമായ ഒരുസാമൂഹിക ചുറ്റുപാടില്‍ എടുക്കുന്ന ഗ്രാമതീരുമാനങ്ങള്‍മേധാവിത്വ ജാതിയായ മറാത്തരുടെ ഇംഗിതത്തിനും താല്‍പര്യങ്ങള്‍ക്കും അനുസരിച്ചാണ് തുടര്‍ന്നു വരുന്നത്, 20 വര്‍ഷമായി ഒരു തെരഞ്ഞെടുപ്പില്‍പോലും ഭാഗമായിട്ടില്ലാത്ത ഈ ഗ്രാമത്തില്‍.

ഗുരുകുല സമ്പ്രദായത്തില്‍ നടക്കുന്ന വിദ്യാലയത്തില്‍ സൂര്യനമസ്‌കാരവും രാഷ്ട്രീയവത്കരിക്കപ്പെട്ട ഓം ശാന്തിമന്ത്രങ്ങളും മാത്രം മുഖരിതമാവുമ്പോള്‍, സാംസ്‌കാരികസമന്വയത്തിന്റെ ഉദാത്ത മാതൃകകള്‍ ചൂണ്ടിക്കാണിക്കാന്‍ പറ്റുന്ന മറ്റുള്ളഗ്രാമങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമായ ഒരു തലത്തിലേക്കാണ് ഈ പ്രദേശത്തെഹസാരെ തെളിച്ചുകൊണ്ടുപോകുന്നത്. ആര്‍.എസ്.എസ് ജിഹ്വയായ 'ഓര്‍ഗനൈസര്‍' നിരന്തരമായ എഴുത്തുകളിലൂടെ ഹസാരെയുടെ സാംസ്‌കാരികചികിത്സയെ (Cultural Treatment) ആഘോഷമായി ഏറ്റെടുക്കുന്നതും ശ്രദ്ധേയമാണ്.

ക്ഷത്രിയവത്കരിക്കപ്പെട്ട ഒരു സൈനികഗ്രാമമാണ് റാലിഗന്‍ സിദ്ധി. എപ്പോഴും യുദ്ധസജ്ജരായ ഒരു പുരുഷാരം ഇവിടത്തെ പ്രത്യേകതയാണ്. പാകിസ്താനെന്ന ശത്രുവാല്‍ ഏതു ദിവസവും ആക്രമിക്കപ്പെടും/പിടിച്ചടക്കപ്പെടും എന്ന നിരന്തരമായ പ്രചാരണങ്ങളിലൂടെ വളരെ ശക്തമായ ഒരു പട്ടാള സംസ്‌കാരംവളര്‍ത്തിയെടുത്തിരിക്കുന്നു ഹസാരെ. ഇന്ത്യയില്‍ പട്ടാളത്തിലേക്ക് ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ അയക്കുന്ന ഗ്രാമം അഹിംസാവാദിയായ ഹസാരെ സ്വയം നിര്‍മിച്ച റാലിഗന്‍ സിദ്ധിയാണ്.

ഈ ഗ്രാമത്തിലെകഥകളിലും പഴഞ്ചൊല്ലുകളിലും മാത്രമല്ല, സാധാരണ സംഭാഷണങ്ങളില്‍പോലുംശിവജി-അഫ്‌സല്‍ ഖാന്‍പോരാട്ടംനിറഞ്ഞുനില്‍ക്കുന്നത്, കൃത്യമായ ബിംബനിര്‍മിതികള്‍ ഇവിടെ നടക്കുന്നുണ്ട് എന്നതിന്റെ പ്രകടമായ ഉദാഹരണമാണ്. മുസ്‌ലിം സാന്നിധ്യം ഈ ഗ്രാമത്തില്‍ തീരെ ഇല്ലെന്നുതന്നെ പറയാം. പ്രായോഗികതയുടെ പേരില്‍ എന്നും മാറ്റിനിര്‍ത്തപ്പെട്ട ദലിതുകളുടെ കാര്യം ഈ ഗ്രാമത്തിന്റെ വേറിട്ട മുഖം കാണിച്ചുതരുന്നു. 'ഹിന്ദുവാകാന്‍' കഴിയാതെ ഇപ്പോഴും ഹരിജനങ്ങള്‍ (ദൈവമക്കള്‍) എന്നു മാത്രം വിളിക്കപ്പെടുന്ന അവര്‍ തങ്ങളുടെ പ്രതിഷേധങ്ങളെ അടക്കിപ്പിടിക്കുന്നത് ഭയംകൊണ്ടാണ്, ബഹുമാനംകൊണ്ടല്ല. ദലിതന്റെ അവസ്ഥ താന്‍ മാറ്റിമറിച്ചു എന്നാണ് ഹസാരെയുടെ അവകാശവാദം. ആ പരിഷ്‌കരണം അദ്ദേഹത്തിന്റെതന്നെ വാക്കുകളില്‍ ഇങ്ങനെയാണ്: 'എന്തുകൊണ്ടാണ് ജനങ്ങള്‍ അവരെവെറുത്തുതുടങ്ങിയതെന്ന് അവര്‍ക്ക് പറഞ്ഞുകൊടുത്തു. നിങ്ങളുടെ ജീവിതശൈലി വൃത്തികെട്ടതാണ്. ഭക്ഷണസമ്പ്രദായം വൃത്തിഹീനമാണ്. ആലോചനാരീതികള്‍ വൃത്തികെട്ടതാണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ മാറ്റത്തിനു വിധേയമാകണം... അങ്ങനെ നിരന്തരമായ അധ്വാനത്തിലൂടെ ദലിതരുടെ ജീവിതത്തെ മാറ്റിയെടുത്തു.' അതായത്, 'ശുദ്ധിയില്ലാത്ത' ദലിതനെ ബ്രാഹ്മണ്യത്തിന്റെയും സനാതന മൂല്യങ്ങളുടെയും വര്‍ണപരിസരങ്ങളിലേക്ക് കൊണ്ടുവന്ന് പരിവര്‍ത്തനത്തിനു വിധേയമാക്കുന്ന, ഗുജറാത്തിലും ആദിവാസി മേഖലയിലും നടന്നുകൊണ്ടിരിക്കുന്നനിര്‍ബന്ധിത 'ശുദ്ധികലശം' ആണ് ഇവിടെയും നടന്നുകൊണ്ടിരിക്കുന്നത്.

തീവ്ര വലതുപക്ഷ നേതാക്കളായ സാധ്വി ഋതംബരയും ഗോവിന്ദാചാര്യയുമാണ് ബാബാ രാംദേവിനുവേണ്ടി രംഗത്തിറങ്ങിയതെങ്കില്‍ ഹസാരെക്ക് ചുറ്റുംപറന്നുനടക്കുന്നത് ബി.ജെ.പിയിലെ മിതവാദി നേതാക്കളുടെ ഒരു പട തന്നെയാണ്. നേരത്തേ ജന്തര്‍മന്തറില്‍ നടന്നതും ഇപ്പോള്‍ രാംലീലയില്‍ നടത്താന്‍ നിശ്ചയിച്ചതുമൊക്കെ സന്യാസി-കച്ചവട-അരാഷ്ട്രീയവാദികളുടെ ഒരു കൂട്ടായ്മയാണ്. ഏകാധിപതികളെയും ഫാഷിസ്റ്റുകളെയും ആരാധിക്കുന്നവര്‍, കക്ഷിരാഷ്ട്രീയക്കാരെ പൂര്‍ണമായി നിരാകരിക്കുന്നവര്‍, സംവരണവിരുദ്ധര്‍, വര്‍ഗീയവാദികള്‍, സാമൂഹികസേവനങ്ങളെ പ്രൊഫൈല്‍ നിര്‍മിതിക്ക് ഉപയോഗിക്കുന്നവര്‍ എന്നിവരെ ഒരുമിച്ചു കൊണ്ടുവരുക എന്ന ബനിയ ബ്രാഹ്മണ്‍ അച്ചുതണ്ടിന്റെ ഒരു രാഷ്ട്രീയ തന്ത്രമായിട്ടു മാത്രമേ ഇതിനെ കാണാന്‍ പറ്റൂ.

രാംദേവിലൂടെ ഉറപ്പാക്കാന്‍ പറ്റുമായിരുന്ന പിന്നാക്ക പിന്തുണയുടെ കാര്യം തല്‍ക്കാലത്തേക്ക്അവതാളത്തിലായെങ്കിലുംബ്രാഹ്മണ്‍ ബനിയ രാഷ്ട്രീയ കൂട്ടുകെട്ടിനെ ഒരു കരക്കെത്തിക്കാന്‍തന്നെയാണ് വലതുപക്ഷ രാഷ്ട്രീയത്തിന്റെ ശ്രമം.താത്ത്വികമായും പ്രായോഗികമായും, ഉദാരവത്കൃത ഇന്ത്യയിലെ അഴിമതിയും മറ്റുള്ള കുറ്റകൃത്യങ്ങളും ഇത്രത്തോളം വഷളായ രീതിയില്‍വളരാന്‍ കാരണമായ കോര്‍പറേറ്റ് മേഖലയിലെ അഴിമതികളെ ഒരു കാലത്തും ഒരു വിമര്‍ശത്തിനുംപാത്രമാക്കിയിട്ടില്ല ഹസാരെ. 2ജി അഴിമതിക്കേസില്‍ വന്‍ വ്യവസായികളെ കൂട്ടിനു പുറത്തു നിര്‍ത്തിദലിതനായ രാജയിലേക്ക്മാത്രം വെളിച്ചം കേന്ദ്രീകരിച്ചു അഴിമതിവിരുദ്ധ പൊതുസമൂഹം. വലതുപക്ഷ രാഷ്ട്രീയത്തോട് ഇപ്പോഴും മാനസികാഭിമുഖ്യമുള്ള ജയലളിതയെ തമിഴ്‌നാട്ടില്‍ അധികാരത്തില്‍ കൊണ്ടുവരാന്‍ ഈ കൂട്ടുകെട്ടിനു കഴിഞ്ഞു. ജയലളിതയെ അഭിനന്ദിക്കാന്‍ ആദ്യമായി ക്ഷണിക്കപ്പെട്ട് എത്തിയ അതിഥിനരേന്ദ്രമോഡിയായിരുന്നു എന്നത് യാദൃച്ഛികമായിരുന്നു എന്ന് കരുതാനാവില്ല. ബ്രാഹ്മണ-ദലിത് സഖ്യത്തിലൂടെ മായാവതി അധികാരത്തിലേറിയ ഉത്തര്‍പ്രദേശില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ് ഈ അഴിമതിവിരുദ്ധ സമരത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. ഹസാരെ 'അഴിമതിക്കാരി' എന്ന് വിളിച്ചുപറഞ്ഞ ഒരേ ഒരു മുഖ്യമന്ത്രിയുടെ പേര് മായാവതിയാണെന്നതും ചേര്‍ത്തു വായിക്കേണ്ടതാണ്.

കാപിറ്റലിസ്റ്റ് സാമ്പത്തികവ്യവസ്ഥയെയും ഫ്യൂഡല്‍ മാനസികാവസ്ഥയെയും വര്‍ഗ/വര്‍ണ/ജാതി നിബദ്ധ സാമൂഹിക വ്യവസ്ഥയെയും വര്‍ഗീയരാഷ്ട്രീയത്തെയും പ്രതിനിധാനംചെയ്യുന്ന ഒരു രാഷ്ട്രീയ ജുഗല്‍ബന്ദിയുടെ വരാനിരിക്കുന്ന നാളുകളിലെ തിമിര്‍പ്പിന്റെ ആമുഖമായി ഈ സമരങ്ങളെ കാണാം. സവര്‍ണ പരികല്‍പനകളും പ്രത്യയശാസ്ത്ര പരിഗണനകളും ചോര്‍ന്നുപോയിട്ടില്ലാത്ത ഇന്ത്യയിലെ ലിബറല്‍ പൊതുസമൂഹത്തിന്റെമേല്‍ ഹിന്ദുത്വത്തിന്റെ പുതുരാഷ്ട്രീയ പരികല്‍പനകള്‍ക്ക് മിനുപ്പേറ്റുകയാണ് ഹസാരെയുടെ അഭിനവ ഗാന്ധിയന്‍ ഭാവം. രാം പുനിയാനിസൂചിപ്പിച്ചതുപോലെ ഇന്ത്യയില്‍ എപ്പോഴൊക്കെ മധ്യവര്‍ഗ വരേണ്യജാതി നിയന്ത്രണത്തില്‍അഴിമതിവിരുദ്ധ സമരങ്ങള്‍ നടന്നിട്ടുണ്ടോ, അത് ജയപ്രകശ്‌നാരായണിന്റെ കാലത്തായാലും വി.പി.സിങ്ങിന്റെ കാലത്തായാലും, അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഉപയോക്താക്കളാകുകയുംചെയ്തത് ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന വലതുപക്ഷ രാഷ്ട്രീയം തന്നെയാണ്.

തലച്ചോറും നീതിയും തത്ത്വചിന്തയും പൊലീസ് അധികാരങ്ങളുംതീരുമാനങ്ങളും സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു തികഞ്ഞ ഏകാധിപതിയെയാണ് ഹസാരെ സ്ഥാപിച്ച ഭാരതീയ ആചാര്‍ വിരോധി ട്രസ്റ്റില്‍ സജീവമായിരുന്ന പഴയ ട്രസ്റ്റി അണ്ണാ ആധാവിനെ പോലുള്ളവരുടെ വിവരണങ്ങളില്‍ കാണുന്നത്. അധികാരവും നിയന്ത്രണവും വരുതിയില്‍ വെക്കാന്‍, ആരുമായും പരിധിയില്‍ കവിഞ്ഞ് അടുപ്പവും സൗഹൃദവുംകാണിക്കാത്ത മനുഷ്യനെന്ന്മറ്റു ചിലര്‍ ഹസാരെയെവിശേഷിപ്പിക്കുന്നു. ഹസാരെയുടെ നിയന്ത്രണത്തിലുള്ള ട്രസ്റ്റുകളില്‍ നടക്കുന്ന അഴിമതിയെപ്പറ്റിസുപ്രീംകോടതി ജഡ്ജി പി.ബി. സാവന്തിന്റെ2005ലെവെളിപ്പെടുത്തലുകളും കെ.എന്‍. പണിക്കരെപ്പോലെയുള്ളവരുടെ പ്രസ്താവനകളും നമ്മോടു പറയുന്നത് ഇന്ത്യയെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന അഴിമതിയെ ചെറുക്കാനുള്ള പോരാട്ടത്തിനു നേതൃത്വം കൊടുക്കാനുള്ള ധാര്‍മികമായ ഔന്നത്യം ഹസാരെക്ക് അവകാശപ്പെടാനില്ല എന്നുതന്നെയാണ്. അതേസമയം, നാശത്തിന്റെ കുഴി സ്വയം തോണ്ടിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് ഹസാരെഉയര്‍ത്തുന്ന പൊടിക്കാറ്റ് ശ്വാസതടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അത് അവര്‍ അര്‍ഹിക്കുന്ന ശിക്ഷ തന്നെയാണെന്നത് വേറെ കാര്യം.

(ദല്‍ഹി സര്‍വകലാശാലയില്‍ അസി. പ്രഫസറാണ് ലേഖകന്‍)


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment