Monday, August 15, 2011

[www.keralites.net] 12 വര്‍ഷമായി കാത്തിരിക്കുന്നു; നാടണയാന്‍ വഴി കാണാതെ അബ്ദുല്‍നാസര്‍

 

12 വര്‍ഷമായി കാത്തിരിക്കുന്നു; നാടണയാന്‍ വഴി കാണാതെ അബ്ദുല്‍നാസര്‍

(madhyamam)

ദോഹ: കെട്ടിച്ചമച്ച ആരോപണങ്ങളുമായി അറബി നല്‍കിയ കേസില്‍ 12 വര്‍ഷമായി നാട്ടില്‍ പോകാനാകാതെ മലയാളി കണ്ണീര്‍കുടിക്കുന്നു. എറണാകുളം ആലുവ പുറയാട് ദേശം പുക്കാട്ട് വീട്ടില്‍ അടിമയുടെ മകന്‍ അബ്ദുല്‍നാസറാണ് (45) നാട്ടിലെത്തുക എന്ന സ്വപ്‌നവുമായി ഒരു പതിറ്റാണ്ടിലധികമായി അധികൃതരുടെയും പ്രവാസികളുടെയും കനിവിനായി കാത്തിരിക്കുന്നത്. എന്നാല്‍, അറബിയുടെ പിടിവാശിയും പ്രതികാരബുദ്ധിയും വരുത്തിവെച്ച അരലക്ഷം റിയാല്‍ പിഴ നല്‍കാനുള്ള കോടതി വിധി ഈ ഹതഭാഗ്യന്റെ എല്ലാ സ്വപ്‌നങ്ങളെയും തല്ലിത്തകര്‍ത്തിരിക്കുയാണ്.

1993ലാണ് അബ്ദുല്‍നാസര്‍ ദോഹയിലെത്തുന്നത്. ആദ്യമൊക്കെ പല പല ജോലികള്‍ ചെയ്തു. 2000 ജനുവരിയിലാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. തുടര്‍ന്ന് അന്നത്തെ രീതിയില്‍ ടാക്‌സി സര്‍വീസ് നടത്തുന്നതിനായി 2001ല്‍ സ്‌പോണ്‍സറുടെ അനുമതിയോടെ സഈദ് മുബാറക് അല്‍ സുലൈതി എന്ന സ്വദേശിയില്‍ നിന്ന് തവണവ്യവസ്ഥയില്‍ ഒരു കാര്‍ വാങ്ങി. 18000 രൂപ പലിശയടക്കം 38000 റിയാലായിരുന്നു മൊത്തം വില. നാസറിന്റെ സ്‌പോണ്‍സറുടെ കീഴിലുണ്ടായിരുന്ന മറ്റൊരു മലയാളിയായ കാസിം ഉപയോഗിച്ചിരുന്ന വാഹനം, ട്രാഫിക് കേസില്‍പ്പെട്ട് കാസിം നാട്ടിലേക്ക് മടങ്ങിയതോടെ നാസര്‍ വാങ്ങുകയായിരുന്നു. പ്രതിമാസം ആയിരം റിയാല്‍ വീതം 38 മാസം കൊണ്ട് സഈദിന് പണം കൊടുത്തുതീര്‍ക്കണമെന്നായിരുന്നു വ്യവസ്ഥ. ഈടായി നാസറിന്റെ പാസ്‌പോര്‍ട്ടും സഈദ് വാങ്ങി.

ഇതിനിടെ വിസ പുതുക്കുന്നതിനായി പാസ്‌പോര്‍ട്ട് തിരിച്ചുചോദിച്ചെങ്കിലും പണം മുഴുവന്‍ അടച്ചുതീര്‍ക്കാതെ തരാന്‍ കഴിയില്ലെന്നായിരുന്നു സഈദിന്റെ മറുപടി. നാസറിന്റെ സ്‌പോണ്‍സറും പാസ്‌പോര്‍ട്ട് വിട്ടുകിട്ടാന്‍ ഒരു വര്‍ഷത്തോളം ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സ്‌പോണ്‍സര്‍ പബ്ലിക് പ്രോസിക്യൂഷനില്‍ കേസ് നല്‍കി. ഇതിനിടെ നാസറിന്റെ വിസയുടെ കാലാവധി കഴിഞ്ഞിരുന്നു.

 പ്രതിമാസ തവണകളായി 30000 റിയാലോളം അടച്ചെങ്കിലും 22,600 റിയാലിന് മാത്രമാണ് സഈദ് രസീത് നല്‍കിയിരുന്നത്. ഒടുവില്‍ പാസ്‌പോര്‍ട്ട് വിട്ടുനല്‍കാന്‍ ഉത്തരവായെങ്കിലും വിസ സമയത്ത് പുതുക്കാതിരുന്നത് മൂലം ഇമിഗ്രേഷനില്‍ 12000 റിയാല്‍ പിഴയടക്കേണ്ടിവന്നു. സഈദിന്റെ വീഴ്ചമുലമാണ് പിഴയടക്കേണ്ടിവന്നതെന്നും അതിനാല്‍ കാറിന്റെ തുകയില്‍ ബാക്കി നല്‍കാനാവില്ലെന്നും നാസര്‍ അറിയിച്ചു. ഇതിനിടെ നാസര്‍ പണം നല്‍കാനുണ്ടെന്ന് കാണിച്ച് സഈദ് കേസ് നല്‍കിയിരുന്നു. ഈ വിവരം നാസറിനെയോ സ്‌പോണ്‍സറെയോ അറിയിച്ചിരുന്നില്ല. ഈ കേസില്‍ തന്നെയോ സ്‌പോണ്‍സറെയോ ഒരിക്കലും കോടതിയില്‍ വിളിപ്പിച്ചിട്ടില്ലെന്നും നാസര്‍ പറയുന്നു. 2008ല്‍ മൂത്ത മകളുടെ വിവാഹത്തിനായി നാട്ടില്‍ പോകുന്നതിന് എക്‌സിറ്റ് എടുക്കാന്‍ ചെന്നപ്പോഴാണ് സഈദ് നല്‍കിയ കേസില്‍ നാസര്‍ 50,560 റിയാല്‍ പിഴയടക്കാന്‍ കോടതി വിധിച്ചതായും ഇതടക്കാതെ നാട്ടില്‍ പോകുന്നതിന് വിലക്കുണ്ടെന്നും അറിയുന്നത്. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നാസര്‍ ആദ്യം ശ്രമം നടത്തിയെങ്കിലും നല്ലൊരു തുക ചെലവുവരുമെന്നതിനാല്‍ പിന്നീട് പിന്‍മാറി. സഈദുമായി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കാന്‍ പലവട്ടം ശ്രമിച്ചെങ്കിലും കോടതി വിധിച്ച തുക തനിക്ക് കിട്ടണമെന്ന നിലപാടില്‍ സഈദ് ഉറച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. അവിടെ നിന്നുള്ള നിര്‍ദേശപ്രകാം സി.ഐ.ഡിയെ സമീപിച്ചു. നേരത്തെ നല്‍കിയ 22,600 റിയാല്‍ കിഴിച്ച് 15400 റിയാല്‍ വാങ്ങി പ്രശ്‌നം അവസാനിപ്പിക്കാന്‍ സി.ഐ.ഡിയും അഭ്യര്‍ഥിച്ചെങ്കിലും സഈദ് വഴങ്ങിയില്ല.

മൂന്ന് പെണ്‍മക്കളും ഭാര്യയുമടങ്ങുന്നതാണ് നാസറിന്റെ കുടുംബം. നാസറിന്റെ അഭാവത്തിലായിരുന്നു രണ്ട് പെണ്‍മക്കളുടെയും വിവാഹം. ഇതില്‍ അഞ്ച് ലക്ഷം രൂപയോളം കടവുമുണ്ട്. മൂന്നാമത്തെ മകള്‍ക്ക് വിവാഹപ്രായമായി. ഇതിനായി പ്രവാസ ജീവിതത്തിന്റെ ആകെ സമ്പാദ്യമായ അഞ്ച് സെന്റ് സ്ഥലവും പണിതീരാത്ത വീടും വില്‍ക്കേണ്ട അവസ്ഥയിലാണ്. എല്ലാ വഴികളുമടഞ്ഞതോടെ സഈദിന് കോടതി വിധി പ്രകാരമുള്ള തുക നല്‍കി എങ്ങനെയും നാട്ടിലെത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇത്രയും തുക കണ്ടെത്താന്‍ വഴി കാണാതെ നാസര്‍ കുഴങ്ങുകയാണ്. പ്രവാസി സംഘടനകളുടെയോ മനുഷ്യസ്‌നേഹികളുടെയോ സഹായം തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് നാസര്‍. നാസറിനെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ 55062949, 55552590 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment