കഠിനതടവ് അനുഭവിക്കുന്ന ആര് ബാലകൃഷ്ണപിള്ള സ്വകാര്യാശുപത്രിയില്‍ കഴിഞ്ഞുകൊണ്ട് ഫോണ്‍ വഴി പാര്‍ടി കാര്യങ്ങളും ഭരണവും നിയന്ത്രിച്ചതിന് തെളിവ് ലഭിച്ചു.
മൊബൈല്‍ ഫോണിനു പുറമെ ആശുപത്രിയില്‍ പിള്ളയ്ക്ക് പ്രത്യേക ടെലിഫോണ്‍ സൗകര്യവും ഏര്‍പ്പെടുത്തിയതായി കണ്ടെത്തി. പുറത്തേയ്ക്ക് നേരിട്ട് വിളിക്കാന്‍ സൗകര്യമുള്ള ലാന്ഡ്ഫോണ് ആണ് പിള്ളയുടെ സ്യൂട്ട് റൂമില്‍ നല്‍കിയത്.
പിള്ളയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ ശനിയാഴ്ചയും നടപടിയുണ്ടായില്ല. മന്ത്രി ഗണേശ്കുമാറിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര് അജിത്കുമാര്‍ വഴിയാണ് പിള്ള ഭരണകാര്യങ്ങളില്‍ ഇടപെട്ടത്. കിംസ് ആശുപത്രിയിലെ ലാന്‍ഡ് ലൈനില്‍നിന്നും പിള്ളയുടെ മൊബൈലില്‍നിന്നും അജിത്തിന്റെ മൊബൈല്‍ ഫോണിലേക്ക് നിരന്തരം കോള്‍ പോയതിന് രേഖയുണ്ട്.
കേരള കോണ്‍ഗ്രസ് ബിയുടെ തമ്പാനൂരിലെ ഓഫീസിലുള്ള ലാന്‍ഡ് ഫോണിലേക്കും നിരന്തരം വിളിച്ചു. ബന്ധുവും സ്വകാര്യ ബസുടമയുമായ മനോജിന്റെ ഫോണിലേക്കും പിള്ള വിളിച്ചിരുന്നു. അധ്യാപകനെ ആക്രമിച്ച ദിവസം പിള്ള പത്ത് തവണ മനോജിനെ വിളിച്ചു.
പിള്ള ജയില്‍ചട്ടം ലംഘിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവ് കിട്ടിയിട്ടും അത് കണക്കിലെടുക്കാന്‍ ഇതേകുറിച്ച് അന്വേഷിക്കുന്ന ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ പി എ വര്‍ഗീസ് തയ്യാറായിട്ടില്ല.
മൊബൈല്‍ ഫോണ്‍ വിളിയെകുറിച്ച് ശനിയാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ജയില്‍ എഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് നിര്‍ദേശിച്ചിരുന്നതെങ്കിലും നല്‍കിയില്ല. നാല് ദിവസം കൂടി സമയം വേണമെന്നാണ് വെല്‍ഫെയര്‍ ഓഫീസറുടെ നിലപാട്. അടിയന്തരമായി റിപ്പോര്‍ട്ട് വാങ്ങരുതെന്ന് ആഭ്യന്തരവകുപ്പ് ജയില്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പിള്ളയുടെ ചട്ടലംഘനത്തിന്റെ മറവില്‍ ജയിലുകളിലെ മറ്റു തടവുകാരെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും നീക്കമുണ്ട്. പിള്ളയ്ക്ക് അനുകൂലമായി റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള നീക്കമാണ് ജയില്‍ ആസ്ഥാനത്ത് നടക്കുന്നത്.
No comments:
Post a Comment