Saturday, October 1, 2011

[www.keralites.net] പ്രവാസികളുടെ പണമിടപാട് അല്ലലില്ലാതെ

 

Fun & Info @ Keralites.net

ആഗോള സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിദേശ ഇന്ത്യക്കാര്‍ ആശങ്കയിലാണ്. തൊഴിലവസരങ്ങളും മറ്റും കുറയുന്ന അവസരത്തില്‍ രാജ്യത്തേക്ക് തിരിച്ചു പോവണോ അതോ ജോലിയില്‍ തുടരണോ - ഇതൊക്കൊയാണ് പ്രവാസികളുടെ ജീവിതം സങ്കീര്‍ണമാക്കുന്നത്. ഈ അവസരത്തില്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കുള്ള പ്രധാന ആശങ്കകളിലൊന്ന് തങ്ങളുടെ ബാങ്ക് അക്കൗണ്ടും ക്രയ വിക്രയങ്ങളും സംബന്ധിച്ചാണ്.

വിദേശത്തേക്ക് പണമയയ്ക്കുമ്പോള്‍

പ്രവാസികള്‍ ബന്ധുക്കള്‍ക്ക് പണമയയ്ക്കുന്നത് സര്‍വസാധാരണമാണ്. എന്നാല്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുള്ളവര്‍ക്ക് പണമയയ്ക്കുന്നത് സംബന്ധിച്ച് ഏവര്‍ക്കും അറിയണമെന്നില്ല. ഉദാഹരണത്തിന് വിദേശത്ത് പോയ ഒരു ബന്ധുവിന് പഠന ആവശ്യത്തിനോ ആസ്പത്രി ആവശ്യങ്ങള്‍ക്കോ പണം ആവശ്യമായി വന്നുവെന്ന് കരുതാം. എന്തു ചെയ്യും ? ഉടനെയൊരു മണി ട്രാന്‍സ്ഫര്‍ ഏജന്‍സിയെ സമീപിച്ചാല്‍ കാര്യം നടക്കുമെന്ന് കരുതരുത്. ഇന്ത്യയില്‍ നിന്ന് പുറം രാജ്യങ്ങളിലേക്ക് പണമയയ്ക്കാന്‍ ബാങ്കുകളിലൂടെ മാത്രമേ സാധിക്കൂ. എന്നാലോ, എല്ലാ ബാങ്കുകളുടെയും മുഴുവന്‍ ശാഖകളില്‍ നിന്നും ഇത്തരത്തില്‍ പണമയയ്ക്കാന്‍ കഴിയുകയുമില്ല.

പണമയയ്ക്കുക മാത്രമല്ല. വിദേശ രാജ്യങ്ങളില്‍ നിക്ഷേപങ്ങള്‍ക്കും ഇന്ന് അവസരമുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (എല്‍ആര്‍എസ്) അനുസരിച്ച് വിദേശ രാജ്യങ്ങളിലെ ഓഹരി, റിയല്‍ എസ്‌റ്റേറ്റ്, കടപ്പത്രം എന്നിവയില്‍ നിക്ഷേപിക്കാന്‍ ഇന്നു കഴിയും. ഇതിനായി വിദേശനാണ്യ വിനിമയം സാധ്യമാക്കുന്ന വിദേശ ബാങ്കുകളില്‍ അക്കൗണ്ട് തുറന്നാല്‍ മതി. എല്‍.ആര്‍.എസിന്റെ പരിധിയില്‍ വരുന്ന ഇടപാടുകള്‍ക്ക് പക്ഷെ പരിധിയുണ്ട്. ഒരു വര്‍ഷം അയയ്ക്കാവുന്ന പരമാവധി തുക ഏതാണ്ട് രണ്ട് ലക്ഷം ഡോളറാണ്(90 ലക്ഷം രൂപ).

ഇതില്‍ തന്നെ ബിസിനസ് ആവശ്യങ്ങള്‍ക്കായി അയയ്ക്കാവുന്ന പരമാവധി തുക 25,000 ഡോളറായും, ടൂറിസത്തിനാണെങ്കില്‍ 10,000 ഡോളറായും നിജപ്പെടുത്തിയിട്ടുണ്ട്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി 1,00,000 ഡോളര്‍ വരെ അയയ്ക്കാം. സമ്മാനമായും സംഭാവനയായും അയയ്ക്കാവുന്ന പരമാവധി തുക 5000 ഡോളറാണ്. എന്നാല്‍ എല്ലാ രാജ്യങ്ങളിലേക്കുമുള്ള പണമിടപാടുകള്‍ ഒരുപോലെയാണെന്ന് കരുതരുത് . വിവിധ രാജ്യങ്ങളിലേക്കുള്ള ഇടപാടുകളില്‍ ആര്‍.ബി.ഐ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ കമ്പനികളിറക്കുന്ന കണ്‍വെര്‍ട്ടബിള്‍ ബോണ്ടുകള്‍ വാങ്ങുന്നതും വിദേശ കറന്‍സിയിലുള്ള വ്യാപാരവുമെല്ലാം നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടും.

പണമയയ്ക്കാന്‍ രണ്ട് മാര്‍ഗങ്ങള്‍

വിദേശ രാജ്യത്തേക്ക് പണമയയ്ക്കുന്നതിന് നിലവില്‍ രണ്ട് പ്രധാന മാര്‍ഗങ്ങളാണുള്ളത്. സ്വിഫ്റ്റിന്റെ(സൊസൈറ്റി ഫോര്‍ വേള്‍ഡ്‌വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലി കമ്യൂണിക്കേഷന്‍) വയര്‍ സര്‍വീസ് ഉപയോഗിക്കുകയാണൊന്ന്. വിദേശ രാജ്യങ്ങളിലുള്ള ബാങ്കുകളുമായി ധാരണയിലുള്ള ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് ഈ സേവനം ഉപയോഗിക്കാം. ഐ.സി.ഐ.സി.ഐ ബാങ്ക്, കാനറ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകളില്‍ ഈ സേവനമുണ്ട്.

ഇതിനായുള്ള അപേക്ഷ പൂരിപ്പിച്ചു നല്‍കുമ്പോള്‍ ബാങ്കിന്റെ സ്വിഫ്റ്റ് കോഡ് (ബാങ്കിനെ സൂചിപ്പിക്കുന്ന ആല്‍ഫാ ന്യൂമറിക് കോഡ്) അപേക്ഷയില്‍ നല്‍കിയിരിക്കണം. ഇത്തരത്തില്‍ അയയ്ക്കുന്ന പണം രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ വിദേശത്തുള്ള ബന്ധുവിന്റെ അക്കൗണ്ടിലെത്തും. ഈ സേവനത്തിനായി ബാങ്കുകള്‍ 500-800 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ വിദേശനാണ്യ വിനിമയത്തിനുള്ള ചാര്‍ജും ഉള്‍പ്പെടും.

ഇനി നിങ്ങളുടെ ബാങ്ക് ഇത്തരത്തിലുള്ള സേവനം നല്‍കാത്ത അവസരത്തില്‍ മറ്റൊരു വഴി സ്വീകരിക്കാം. അയയ്ക്കുന്ന തുകക്കുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ്(ഡി.ഡി) നിങ്ങളുടെ ബാങ്കില്‍ നിന്നും എടുത്തതിന് ശേഷം സ്വിഫ്റ്റ് സൗകര്യം നല്‍കുന്ന ബാങ്കില്‍ കൊടുക്കാം. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ഡി.ഡി എടുക്കുന്നതിനുള്ള ചാര്‍ജും സ്വിഫ്റ്റ് ചാര്‍ജുമായി വലിയൊരു തുക ചെലവ് വരും.

വിദേശനാണ്യ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുക്കുകയാണ് മറ്റൊരു മാര്‍ഗം. എല്ലാ വിദേശ കറന്‍സികളിലും ഈ സൗകര്യം ലഭ്യമാണ്. പക്ഷെ സ്വിഫ്റ്റിനെ അപേക്ഷിച്ച് ഈ മാര്‍ഗത്തിലൂടെ പണമയയ്ക്കുന്നതിന് കാലതാമാസമെടുക്കും. അയച്ച പണം ബന്ധുവിന്റെ അക്കൗണ്ടിലെത്താന്‍ ചുരുങ്ങിയത് 10-12 ദിവസങ്ങളെടുക്കും. ഓരോ ഇടപാടിനും 200 മുതല്‍ 500 രൂപ വരെയാണ് ബാങ്കുകള്‍ ഇതിനായി ഈടാക്കുക.

ഇനി ഇതൊന്നും സാധ്യമാവാത്ത അവസരത്തില്‍ നെറ്റ് ബാങ്കിങ് വഴി ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയും. പക്ഷെ എല്ലാ ബാങ്കുകളും ഇതിനുള്ള സൗകര്യം നല്‍കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. പണമയയ്ക്കാന്‍ സാധിച്ചാല്‍ തന്നെ ലഭിക്കുന്ന ആള്‍ ഇത് സ്വന്തം കറന്‍സിയിലേക്ക് മാറ്റാന്‍ ബുദ്ധിമുട്ടണമെന്നതും മറ്റൊരു പ്രശ്‌നമാണ്.ഇത്തരത്തില്‍ പണം അയയ്ക്കുമ്പോള്‍ പണം എത്തേണ്ട രാജ്യത്തിലെ നികുതി സമ്പ്രദായത്തെ പറ്റിയും മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. എല്‍ആര്‍എസിന് കീഴില്‍ വരാത്ത ചില പണമിടപാടുകള്‍ക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സര്‍ട്ടിഫിക്കറ്റും ആവശ്യമാണെന്നത് ഓര്‍ക്കണം.

അക്കൗണ്ടുകള്‍ എങ്ങനെ?

ഏത് അക്കൗണ്ടില്‍ നിക്ഷേപിക്കണം, ഏതില്‍ നിക്ഷേപിച്ചാല്‍ പലിശ കൂടുതല്‍ ലഭിക്കും എന്നൊക്കെ അറിയാനും അവര്‍ക്ക് താത്പര്യമുണ്ട്. എന്‍.ആര്‍.ഇ അക്കൗണ്ടിനെ അപേക്ഷിച്ച് സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ പലിശ ലഭിക്കുമോ - ഒരു വിദേശ ഇന്ത്യക്കാരന്റെ ആകാംക്ഷ. കൃത്യമായി പറഞ്ഞാല്‍ വിദേശ ഇന്ത്യക്കാരന് നാട്ടില്‍ എസ്.ബി അക്കൗണ്ട് പാടില്ലെന്നാണ് നിയമം. പക്ഷേ, ഇവര്‍ക്ക് വേറൊരു വഴി പരീക്ഷിക്കാവുന്നതാണ്. സേവിങ്‌സ് അക്കൗണ്ട് എന്‍.ആര്‍.ഇ അക്കൗണ്ട് അക്കി മാറ്റുക. എന്‍.അര്‍.ഇ അക്കൗണ്ടിലും എന്‍.ആര്‍.ഒ അക്കൗണ്ടിലുമുള്ള നിക്ഷേപത്തിന് ലഭിക്കുന്ന പലിശയും സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശയും നാല് ശതമാനം തന്നെയാണ്. അപ്പോള്‍ ചെയ്യേണ്ടത് ഒന്നേയുള്ളൂ. അക്കൗണ്ട് ഈ തരത്തില്‍ മാറ്റേണ്ടത് സംബന്ധിച്ച് ബാങ്കിനെ അറിയിക്കുക.

ഈ രണ്ട് അക്കൗണ്ടിലുമുള്ള ഇടപാടുകള്‍ ഇന്ത്യന്‍ രൂപയെ അടിസ്ഥാനപ്പെടുത്തിയാണ്. നാട്ടിലേക്ക് അയയ്ക്കാവുന്ന പണത്തിന്റെ പരിധിയില്‍ മാത്രമാണ് വ്യത്യാസം. എന്‍.ആര്‍.ഇ അക്കൗണ്ടില്‍ വിദേശത്തു നിന്നുള്ള പണം മാത്രമേ നിക്ഷേപിക്കാന്‍ സാധിക്കൂ. ഇത് വിദേശ അക്കൗണ്ടിലേക്ക് എളുപ്പത്തില്‍ മാറ്റാനും സാധിക്കും. പിന്നീട് ഈ പണത്തിന് നികുതിയടക്കേണ്ടതില്ലെന്നും ഓര്‍ക്കണം.

എന്നാല്‍, എന്‍.ആര്‍.ഒ അക്കൗണ്ടില്‍ ഇന്ത്യയില്‍ നിന്നും ലഭിക്കുന്ന ഏതുതരത്തിലുള്ള വരുമാനവും നിക്ഷേപിക്കാന്‍ സാധിക്കും. പക്ഷെ ഈ അക്കൗണ്ട് വഴി നാട്ടിലേക്ക് കൊണ്ടുവരാവുന്ന പണത്തിന് കൃത്യമായ പരിധിയുണ്ട്. 10 ലക്ഷം ഡോളര്‍ മാത്രമേ ഒരു വര്‍ഷം തിരിച്ചുകൊണ്ടുവരാന്‍ സാധിക്കൂ. അതുപോലെ ഇതില്‍ നിന്നും ലഭിക്കുന്ന പലിശയ്ക്ക് 30 ശതമാനം നികുതിയും നല്‍കേണ്ടതായി വരും.

നാട്ടിലൊരു ഫിക്‌സഡ് ഡെപ്പോസിറ്റ് അക്കൗണ്ടായാലോ. നാട്ടിലൊരു സ്ഥിര നിക്ഷേപം ഏതൊരു പ്രവാസിയാണ് വേണ്ടെന്നു വെയ്ക്കുക. പക്ഷെ നിയമാനുസൃതമായി ഇതു പാടില്ല. അഥവാ അടുത്ത ബന്ധുക്കളുമായി ചേര്‍ന്ന് ഫിക്‌സഡ് അക്കൗണ്ട് എടുത്തതിന് ശേഷമാണ് വിദേശത്തേക്ക് പോവുന്നതെങ്കില്‍ ഇത് ബാങ്കിനെ അറിയിച്ചിരിക്കണം. അക്കൗണ്ട് കാലയളവ് പൂര്‍ത്തിയാവും വരെ അക്കൗണ്ട് തുടരാന്‍ ബാങ്ക് അനുവദിച്ചേക്കുമെങ്കിലും പിന്നീട് പുതുക്കാന്‍ കഴിയില്ല. പക്ഷെ, എന്‍.ആര്‍.ഐക്ക് എന്‍.ആര്‍.ഒ അക്കൗണ്ട് തുറക്കുമ്പോള്‍ ഇന്ത്യയില്‍ താമസിക്കുന്ന അടുത്ത ബന്ധുവിനെ സെക്കന്‍ഡ് ഹോള്‍ഡറായി വെയ്ക്കാവുന്നതുമാണ്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment