മോഹന്‍ലാല്‍: പൃഥ്വിരാജിന്റെ കല്യാണവും അവന്റെ സിനിമയും ഒരുപോലെയാണ്.
മമ്മൂട്ടി: അതെന്താ ലാലെ അങ്ങനെ...?
മോഹന്‍ലാല്‍: കാണാന്‍ അവനും അവന്റെ കുടുംബവും മാത്രമേ ഉണ്ടാകൂ.
- നടന്‍ പൃഥ്വിരാജിനെ അധിക്ഷേപിച്ചുകൊണ്ടുള്ള മൊബൈല്‍ എസ്.എം.എസ്സുകള്‍ക്ക് പ്രചാരം കൂടുകയാണ്. സിനിമയിലെ അഭിനയവും കുടുംബന്ധങ്ങളും ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളുമെല്ലാം കോര്‍ത്തിണക്കിക്കൊണ്ടുള്ള ഹാസ്യ എസ്.എം.എസ്സുകളെക്കൊണ്ട് ഇന്‍ബോക്‌സുകള്‍ നിറയുന്നു.
ഫാന്‍സ് അസോസിയേഷന്റെ മത്സരങ്ങളും പരസ്പര പാരകളും മലയാള സിനിമയ്ക്ക് പുത്തരിയല്ല. എന്നാല്‍ ഒരു നായകതാരം ഇത്തരത്തില്‍ ബോധപൂര്‍വം അവഹേളിക്കപ്പെടുന്നത് മലയാളത്തിലിതാദ്യമായാണ്. താരത്തിന്റെ പേരെടുത്തുപറഞ്ഞ്, അയാളുടെ നീക്കങ്ങളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടാണ് ആക്രമണം നടത്തുന്നത്.ഒരു മികച്ച സിനിമയുടെ തിരക്കഥ ഒരുക്കുന്ന സൂക്ഷ്മതയോടെയാണ് അധിക്ഷേപങ്ങള്‍ പുറത്തുവരുന്നത്.
വിവാഹത്തില്‍നിന്ന് മാധ്യമങ്ങളെ അകറ്റിനിര്‍ത്തിയതു മുതല്‍ പൃഥ്വിയുടെ ഇമേജിന് പ്രശ്‌നങ്ങള്‍ തുടങ്ങി. പ്രശ്‌നം ന്യായീകരിച്ചുകൊണ്ട് താരം നടത്തിയ വിശദീകരണങ്ങള്‍ കൂടുതല്‍ വിനയായി. അഭിമുഖങ്ങളിലെ ഓരോ വിശദീകരണങ്ങളും ഇളക്കിയെടുത്താണ് തുടക്കത്തില്‍ പൃഥ്വിരാജിനെതിരെയുള്ള എസ്.എം.എസ്സുകള്‍ വന്നിരുന്നത്. പിന്നീട് പൃഥ്വിരാജിനെയും ക്രിക്കറ്റ്താരം ശ്രീശാന്തിനെയും ഒരേ നുകത്തില്‍ കെട്ടിയായി ആക്രമണം. ഏറ്റവും ഒടുവില്‍ പൃഥ്വിരാജും ടിന്റുമോനും എസ്.എം.എസ്സുകളിലൂടെ മത്സരിക്കുന്ന കാഴ്ചയാണ് മലയാളികള്‍ കാണുന്നത്.
തീയേറ്ററിനു മുമ്പില്‍ വലിയതിരക്ക് കണ്ട് അതുവഴി വന്ന ഒരു ഓട്ടോക്കാരന്‍ ആരുടെ പടമാ അവിടെ കളിക്കുന്നത്. വഴിയാത്രക്കാരന്റെ മറുപടി: സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ... ഓട്ടോക്കാരന്‍: 'ഹൊ...! പടം കാണാനുള്ള തിരക്കാണോ. യാത്രക്കാരന്‍: അല്ല, പടത്തിനു ടിക്കറ്റെടുക്കാന്‍ ഒരാള്‍ വന്നിരിക്കുന്നു. അവനെ കാണാനോടിക്കൂടിയവരുടെ തിരക്കാ. പൃഥ്വിയുടെ സിനിമകള്‍ക്കെതിരെയാണ് അധിക്ഷേപങ്ങള്‍ കൂടുതല്‍. മറ്റൊരു എസ്.എം.എസ്സില്‍ ബിന്‍ലാദന്‍ പ്രാണരക്ഷാര്‍ത്ഥം പൃഥ്വിരാജിനെ സമീപിക്കുന്നു.
ബിന്‍ലാദന്‍: പൃഥ്വിരാജ്, ഒബാമ എന്നെ വധിക്കും. എനിക്ക് രക്ഷപ്പെടണം. ആളുകളുടെ കണ്ണില്‍പ്പെടാതെ ഒളിച്ചിരിക്കാന്‍ എനിക്കൊരു സ്ഥലം കാണിച്ചുതരൂ.
പൃഥ്വിരാജ്: (അഭിമാനത്തോടെ) എന്റെ പടം കളിക്കുന്ന തീയേറ്ററുകളിലൊളിച്ചോളൂ. അവിടേയ്‌ക്കൊരു ഈച്ചപോലും വരില്ല.
ചാനലുകളില്‍ പൃഥ്വിരാജും ഭാര്യയും ചേര്‍ന്ന് നടത്തിയ അഭിമുഖങ്ങള്‍ ചേര്‍ത്തുവെച്ചുണ്ടാക്കിയ 'പൃഥ്വിരാജപ്പന്‍' എന്ന ഷോ യുട്യൂബില്‍ വമ്പന്‍ ഹിറ്റാണ്. ദിവസവും ആയിരങ്ങളാണ് സന്ദര്‍ശകര്‍. സൗത്ത് ഇന്ത്യയില്‍ രാജുവിനെപ്പോലെ ഇംഗ്ലീഷ് സംസാരിക്കുന്ന മറ്റേതു നടനുണ്ടെന്ന സുപ്രിയയുടെ ചോദ്യത്തെ പരിഹസിച്ചുകൊണ്ട് ഉത്തരങ്ങളുടെ വലിയൊരു നിരതന്നെ ഷോയില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഉദയനാണു താരത്തിലെ സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാറിന്റെ നിഴലിലാണ് പൃഥ്വിരാജപ്പനില്‍ പൃഥ്വിയെ അവതരിപ്പിച്ചിരിക്കുന്നത്.
ഗ്രീറ്റിങ്‌സ് മെസ്സേജുകളെപ്പോലെ ഓരോ വിശേഷാവസരത്തിനും യോജിച്ചുകൊണ്ടുള്ള മെസ്സേജുകളാണ്. പൃഥ്വിരാജിനെതിരെ വരുന്നത്. ഓണാഘോഷക്കാലത്ത് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് വലിയ വിലക്കിഴിവുകള്‍ വന്നു. ഓഫറുകള്‍ക്കിടയിലും ഒരു ടൈപ്പ് ടിവികള്‍ക്ക് മാത്രം വിലക്കുറവില്ല. എല്ലാ ഷോറൂമുകളിലും ഒരിനത്തില്‍പ്പെട്ട ടി.വി.ക്ക് അഞ്ച് ലക്ഷത്തിനു മുകളിലാണ് വില. ടിന്റുമോനു സംശയമായി. എന്താണ് ഈ ടി.വി.യുടെ പ്രത്യേകത?
കടക്കാരന്‍: പൃഥ്വിരാജിന്റെ സിനിമ വന്നാല്‍ ഓട്ടോമാറ്റിക്കായി ചാനല്‍ മാറുന്ന ടി.വി.കളാണിതെല്ലാം.
ഗണേശോത്സവത്തിന്റെ സമയത്തുവന്ന മെസ്സേജിന്റെ ആദ്യപകുതി മുഴുവനും പൃഥ്വിരാജിന്റെ കഴിവുകളെ വാനോളം പുകഴ്ത്തുന്നതായിരുന്നു. മെസ്സേജ് പുതുതായി പത്തുപേര്‍ക്ക് അയച്ചുകൊടുത്താല്‍ 'അന്‍വര്‍' സിനിമയുടെ ഒരു സി.ഡി. സൗജന്യമായി ലഭിക്കുമെന്ന ഓഫറും. മെസ്സേജ് ആര്‍ക്കും ഫോര്‍വേഡ് ചെയ്തില്ലെങ്കില്‍ തേജോ ഭായ് ആന്‍ഡ് ഫാമിലിയുടെ രണ്ട് ഡി.വി.ഡി.കള്‍ തികച്ചും സൗജന്യമായി ലഭിക്കുമെന്നാണ് അവസാനത്തെ വരി.
പടങ്ങള്‍ വലിയ വിജയം നേടാത്ത സാഹചര്യങ്ങളില്‍ പോലും അഭിമുഖങ്ങളില്‍ പൃഥ്വിരാജ് പ്രകടിപ്പിക്കുന്ന അമിതാവേശവും ആത്മവിശ്വാസവുമാണ് കൂടുതല്‍ പേരെയും താരത്തിനെതിരെ തിരിക്കുന്നുവെന്നാണ് കാമ്പസ് സര്‍വേകള്‍ പറയുന്നത്.
'കൊല്ലാം പക്ഷേ, തോല്‍പ്പിക്കാനാകില്ല' എന്ന് ചെഗുവേരയും 'പഠിക്കാം പക്ഷേ, ജയിക്കാനാകില്ലെന്ന് 'ടിന്റുമോനും പറഞ്ഞുനിര്‍ത്തിയിടത്ത് ഇന്ന് പുതിയ ഒരു കമന്റുകൂടി കാമ്പസ്സുകളില്‍നിന്നു വന്നുതുടങ്ങി. 'പടം പൊട്ടും. പക്ഷേ, സമ്മതിച്ചുതരില്ല' - പൃഥ്വിരാജ്.
യുവതാരം ആസിഫ് അലിയും പൃഥ്വിരാജും തമ്മിലുണ്ടായ ചില വാഗ്വാവാദങ്ങളും സിനിമാ അണിയറ പ്രവര്‍ത്തകരും സിനിമാ മാഗസിനുകളും പുറത്തുവിടുന്ന കഥകളും പടങ്ങളുടെ നിലവാരത്തകര്‍ച്ചയുമെല്ലാം എസ്.
എം.എസ്സുകള്‍ക്ക് വിഷയമാകുന്നു.
ടിന്റുമോന്‍ തമാശകള്‍ വായനക്കാരെ രസിപ്പിച്ചിരുന്നതാണെങ്കില്‍ പൃഥ്വിയുടെ പേരിലിറങ്ങുന്ന പലതും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണ്. എസ്.എം.എസ്സുകള്‍ക്ക് വലിയ പ്രചാരം ലഭിക്കുന്നതുകണ്ട് പൃഥ്വിയുടെ തമാശകള്‍ ചേര്‍ത്തുവെച്ച് 'അഹങ്കാരിയായ താരം' എന്ന പേരില്‍ ഇന്ന് മെയ്‌ലുകളിലൂടെയും ആക്രമണം സജീവമാകുകയാണ്.
എഴുതി അവസാനിപ്പിക്കും മുമ്പ് മൊബൈല്‍ ഫോണ്‍ വീണ്ടും ശബ്ദിച്ചു.
മോഹന്‍ലാല്‍ = സച്ചിന്‍- എപ്പോഴും യൂണിവേഴ്‌സല്‍ സ്റ്റാര്‍.
മമ്മൂട്ടി = സേവാഗ്- കളിച്ചാല്‍ ഒരു കളി ഇല്ലെങ്കില്‍ ഒന്നുമില്ല.
ദിലീപ് = യുവരാജ് - പണിയറിയാം. പക്ഷേ, ഭാഗ്യമില്ല. കിട്ടിയാ കിട്ടി.പൃഥ്വിരാജ് = ശ്രീശാന്ത് - കളിയാണെങ്കില്‍ അറിയില്ല, എന്നാല്‍ അഹങ്കാരത്തിനൊരു കുറവുമില്ല.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment