Thursday, October 13, 2011

[www.keralites.net] നിങ്ങളൊരു മികച്ച ഭാര്യയാണോ (ടെസ്റ്റ് )

 

ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടുത്ത കാലത്തായി ജെന്റ്സ് ഒള്ളി ആകുന്നുവോ എന്ന എന്റെ പ്രിയ സുഹൃത്തിന്റെ ആശങ്കയുടെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ്. ഇത് എല്ലാ സ്ത്രീസുഹൃത്തുക്കള്‍ക്കും വേണ്ടിയുള്ള പോസ്റ്റാണ്.

നിങ്ങള്‍ ഒരു നല്ല ഭാര്യയാണോ എന്നറിയാനുള്ള അതിഭയങ്കരമായ ഒരു ടെസ്റ്റ് ആണിത്. പെണ്ണായി പിറന്നവരെല്ലാം ഇതില്‍ പങ്കെടുത്ത് സ്വന്തം നിലവാരം തിരിച്ചറിയേണ്ടതാണ്. പേടിക്കണ്ട, ഞാനൊരു തീവ്ര ഫെമിനിസ്റ്റാണ്. എന്നാല്‍ പരീക്ഷയിലേക്കു കടക്കാം.

1. ഭര്‍ത്താവ് വീട്ടിലേക്കു വരുമ്പോള്‍ – ഇന്നു കഴിച്ചില്ലേ ചേട്ടാ, രണ്ടു പെഗ് അടിച്ചിട്ടു വരാന്‍ മേലായിരുന്നോ, ഞാന്‍ പിണങ്ങി കള്ളന്‍ !- എന്നു പറയാറുണ്ടോ ?

എ) ഉണ്ട്, ബി) ഇല്ല

2. ഭര്‍ത്താവിന്റെ കൂട്ടുകാര്‍ വീട്ടില്‍ വരുമ്പോള്‍ കുപ്പി, ഗാസ്, വെള്ളം എന്നിവ എടുത്ത് വച്ച്- ആ വരൂ വരൂ, എല്ലാവരുമുണ്ടല്ലോ, എന്തേ ഇതുവരെ കണ്ടില്ല എന്നു വിചാരിക്കുകയായിരുന്നു ഞാന്‍- എന്നു പറയാറുണ്ടോ ?

എ) ഉണ്ട്, ബി) ഇല്ല

3. എന്തെങ്കിലും കാര്യത്തില്‍ ഭര്‍ത്താവ് ദേഷ്യപ്പെട്ടാല്‍ -എന്റെ ചേട്ടാ എന്നോടു ക്ഷമിക്കണേ, എന്നോടു ദേഷ്യപ്പെടല്ലേ, എന്നെ ഉപേക്ഷിക്കല്ലേ, എന്നെ തല്ലിക്കൊന്നോളൂ പക്ഷേ, എന്നോടു ദേഷ്യപ്പെടല്ലേ- എന്നു പറയാറുണ്ടോ ?

എ) ഉണ്ട്, ബി) ഇല്ല

4. നിങ്ങള്‍ മെഗാസീരിയല്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഭര്‍ത്താവ് കടന്നുവന്നാല്‍ ഉടന്‍ തന്നെ ഇന്ത്യാവിഷന്‍ വാര്‍ത്തകളിലേക്കു ചാനല്‍ മാറ്റി റിമോട്ട് കയ്യില്‍ കൊടുത്തിട്ട് നിങ്ങള്‍ അദ്ദേഹത്തിനു ഒരു ലാര്‍ജ് ഒഴിച്ചുകൊടുക്കാറുണ്ടോ ?

എ) ഉണ്ട്, ബി) ഇല്ല

5. മാസാവസാനം ശമ്പളം കിട്ടിക്കഴിഞ്ഞ് അടിച്ചുപൊളിച്ച് പേഴ്സ് കാലിയാക്കി ഭര്‍ത്താവ് വീട്ടില്‍ വരുമ്പോള്‍ സ്വന്തം മാലയോ വളയോ ഊരിക്കൊടുത്ത ശേഷം – എനിക്കുള്ളതെല്ലാം ചേട്ടന്റെയല്ലേ, ഈ മാസം അരി മേടിക്കാന്‍ ഇതു വിറ്റോളൂ- എന്നു പറയാറുണ്ടോ ?

എ) ഉണ്ട്, ബി) ഇല്ല

6. ഭര്‍ത്താവിന് അവിഹിതബന്ധമുണ്ടെന്നു അറിഞ്ഞാല്‍ അലമ്പുണ്ടാക്കാതെ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും- ചേട്ടനെപ്പോലെയൊരു സകലകലാവല്ലഭന് ഒരു സ്ത്രീയില്‍ മാത്രമൊതുങ്ങി നില്‍ക്കാന്‍ കഴിയില്ലെന്നെനിക്കറിയാം, അതുകൊണ്ട് അവളെ ഞാനെന്റെ സഹോദരിയായി കണ്ടുകൊള്ളാം എന്നു പറയുകയും അവളെ ചെന്ന് കണ്ട് നിങ്ങള്‍ വീട്ടിലില്ലാത്ത ദിവസം ഭര്‍ത്താവിനത്യാവശ്യം വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ അവളെ വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്യാറുണ്ടോ ?

എ) ഉണ്ട്, ബി) ഇല്ല

7. വിവാഹസമയത്ത് നിങ്ങള്‍ സ്ത്രീധനമായി നല്ലൊരു തുക നല്‍കിയിട്ടുണ്ടാവുമെങ്കിലും ആഗോളസാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും രൂപയുടെ വിനിമയനിരക്കിലെ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിലും ഓഹരിവിപണിയിലെ കരടികളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലും സ്വന്തം വീട്ടുകാരെ ഭീഷണിപ്പെടുത്തി ഇടയ്ക്കിടെ ഒന്നോ രണ്ടോ ലക്ഷം രൂപ വീതം ഭര്‍ത്താവിനു സംഘടിപ്പിച്ചു നല്‍കാറുണ്ടോ ?

എ) ഉണ്ട്, ബി) ഇല്ല

8. ഭര്‍ത്താവിന്റെ അമ്മയെ സ്വന്തം അമ്മയായി കണ്ട് എന്നും കാലു തിരുമ്മിക്കൊടുക്കാനും അഥവാ ദേഷ്യം വന്ന് അമ്മായിയമ്മ വല്ല ചവിട്ടോ തൊഴിയോ തന്നാലും – എല്ലാം എന്റെ തെറ്റാണമ്മച്ചീ, എന്നോടു ക്ഷമിക്കണേ, എന്നും അമ്മച്ചിയുടെ കാല്‍ച്ചുവട്ടില്‍ കഴിയാനാണെനിക്കിഷ്ടം – എന്നൊക്കെ പറയാനും ശ്രദ്ധിക്കാറുണ്ടോ ?

എ) ഉണ്ട് ബി) ഇല്ല

9. ഭര്‍ത്താവ് രാവിലെ എണീറ്റ് കുടവയര്‍ തിരുമ്മി കോട്ടുവായിട്ട് ജനാലയിലൂടെ അടുത്ത വീട്ടിലെ പെണ്ണിനെ ഒളിഞ്ഞു നോക്കുമ്പോള്‍ പിന്നില്‍ നിന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്ത്- ഹൊ ! എന്തു കരുത്തനാണ് എന്റെ ചേട്ടന്‍.. എത്ര മസ്കുലാറാണ് ഈ ബോഡീസ്..- എന്നൊക്കെ പറഞ്ഞ് അദ്ദേഹത്തെ സന്തോഷിപ്പിക്കാറുണ്ടോ ?

എ) ഉണ്ട് ബി) ഇല്ല

10. ഭര്‍ത്താവിന്റെ സന്തോഷത്തിനും ദീര്‍ഘായുസ്സിനും നിരന്തരമായ അര്‍മാദത്തിനും വേണ്ടി വിവിധ ക്ഷേത്രങ്ങളിലും പള്ളികളിലും നേര്‍ച്ച, കാഴ്ച, പുഷ്പാഞ്ജലി, ശയനപ്രദക്ഷിണം, കാവടി, കനലില്‍ച്ചാട്ടം, പെരുന്നാള്‍ കഴിക്കല്‍, തീര്‍ത്ഥയാത്ര തുടങ്ങിയ കാര്യങ്ങള്‍ നേരുകയും ഇവയൊക്കെ എത്ര കഷ്ടപ്പെട്ടും ജീവന്‍ തന്നെ തൃണവല്‍ഗണിച്ചും ചെയ്തു തീര്‍ക്കാറുമുണ്ടോ ?

എ) ഉണ്ട് ബി) ഇല്ല

നമ്മുടെ ടെസ്റ്റിലെ നിര്‍ണായകമായ 10 ചോദ്യങ്ങളും മുകളില്‍ ഉന്നയിക്കപ്പെട്ടു കഴിഞ്ഞു എന്റെ പ്രിയ സുഹൃത്തുക്കള്‍ അതിന് എങ്ങനെ മറുപടി നല്‍കി എന്നതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ നല്ല ഭാര്യയാണോ ചീത്ത ഭാര്യയാണോ എന്നത് നിങ്ങള്‍ക്കു സ്വയം നിര്‍ണയിക്കാം. ഭാര്യമാരല്ലാത്തവര്‍ക്ക് അവരുടെ സങ്കല്‍പ പുരുഷനെ മനസ്സില്‍ കണ്ട് ഈ ചോദ്യങ്ങള്‍ക്കുത്തരം നല്‍കാം. അങ്ങനെ പ്രത്യേകിച്ചാരുമില്ലാത്തവര്‍ക്ക് എന്നെ മനസ്സില്‍ സങ്കല്‍പിച്ച് ഉത്തരം നല്‍കാം.

എല്ലാ ചോദ്യങ്ങള്‍ക്കും നിങ്ങളുടെ ഉത്തരം ഉണ്ട് എന്നാണെങ്കില്‍ – നിങ്ങള്‍ വളരെ നല്ല ഭാര്യയാണ്. അടുത്ത ജന്മത്തിലും ഇതേ ഫ്രോഡിനെത്തന്നെ നിങ്ങള്‍ക്കു ഭര്‍ത്താവായി ലഭിക്കും. 5 മുതല്‍ എട്ട് ചോദ്യങ്ങള്‍ക്കു വരെ നിങ്ങളുടെ മുപടി ഉണ്ട് എന്നാണെങ്കില്‍ നിങ്ങള്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ഭാര്യയാണ്. സ്കോപ്പുണ്ട്. 2 മുതല്‍ 5 വരെ ചോദ്യങ്ങള്‍ക്ക് മാത്രമാണ് നിങ്ങള്‍ ഉണ്ട് എന്നുത്തരം നല്‍കുന്നതെങ്കില്‍ വളരെയധികം പരിശ്രമിച്ചാല്‍ നിങ്ങള്‍ക്കു നല്ല ഭാര്യയാവാന്‍ സാധിക്കും എന്നേ പറയാനാവൂ. 0 മുതല്‍ 2 വരെ ചോദ്യങ്ങള്‍ക്കാണ് നിങ്ങള്‍ ഉണ്ട് എന്നുത്തരം നല്‍കുന്നതെങ്കില്‍, മൈഡിയര്‍ ലേഡീസ്, നിങ്ങളുടെ കാര്യം പോക്കാണ്. എത്രയും വേഗം ഡ്രൈവാഷിനു ശ്രമിക്കുക.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment