പെണ്‍കുട്ടികളുടെ ആത്മഹത്യ: ഐസ്‌ക്രീം കേസ് ബന്ധം വ്യക്‌തമാക്കുന്ന സിഡി പുറത്ത്
കോഴിക്കോട്: കോഴിക്കോട്ടു പ്രീഡിഗ്രിക്കാരായ രണ്ടു വിദ്യാര്‍ഥിനികള്‍ ട്രെയിനിനു മുന്നില്‍ ചാടിമരിച്ച സംഭവത്തിന് ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധമുണ്ടെന്നു തെളിയിക്കുന്ന സംഭാഷണമടങ്ങിയ ദൃശ്യം പുറത്തുവന്നു. ആത്മഹത്യ ചെയ്‌ത സുനൈന നജ്‌മലിന്റെ ബന്ധു, സംഭവത്തിന് ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധമുണ്ടെന്നു പറയുന്ന സിഡി ഇന്നലെ സ്വകാര്യ ചാനല്‍ പുറത്തുവിട്ടു.
സുനൈനയുടെ പിതൃസഹോദരീ ഭര്‍ത്താവ് നിസ്‌താറാണു സിഡിയില്‍ സംസാരിക്കുന്നത്. ഐസ്‌ക്രീം പാര്‍ലര്‍ നടത്തിയിരുന്ന ശ്രീദേവിയുടെ കെണിയില്‍ പെണ്‍കുട്ടി വീണിരുന്നുവെന്നു നിസ്‌താര്‍ പറയുന്നുണ്ട്. 'തങ്ങളുടെതന്നെ കുടംബത്തില്‍പെട്ട ഒരു സ്‌ത്രീയാണു ശ്രീദേവിയുടെ ഐസ്‌ക്രീം പാര്‍ലറിലേക്കു കുട്ടികളെ കൊണ്ടുപോയത്. പാര്‍ലറില്‍ വച്ച കുട്ടികളുടെ ഫോട്ടോ പുറത്താക്കുമെന്നു ശ്രീദേവി ഭീഷണിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ ഫോട്ടോ വാങ്ങാന്‍ ചെല്ലണമെന്ന് അറിയിച്ചപ്പോള്‍ കുട്ടി പോയില്ല. ട്രെയിനിനു മുന്നില്‍ ചാടി മരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് അന്നത്തെ ഐ.ജി. ജേക്കബ് പുന്നൂസിനു സുനൈനയുടെ കുടുംബം പരാതി നല്‍കിയിരുന്നു. വലിയ സമ്മര്‍ദങ്ങള്‍ വന്നതിനെത്തുടര്‍ന്നു പിന്മാറുകയായിരുന്നു'- നിസ്‌താര്‍ സംഭാഷണത്തില്‍ പറയുന്നു.
പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു സെക്യുലര്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി എന്‍.കെ. അബ്‌ദുള്‍ അസീസ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്‌റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് (നാല്) കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതോടൊപ്പം നിസ്‌താറിന്റെ സംഭാഷണമടങ്ങിയ സിഡിയും സമര്‍പ്പിച്ചിട്ടുണ്ട്. 1996 ഒക്‌ടോബര്‍ 29 നാണു സുനൈന നജ്‌മലും സഹപാഠി നിബാന സണ്ണിയും ട്രെയിനിനു മുന്നില്‍ചാടി മരിച്ചത്.
No comments:
Post a Comment