Thursday, October 13, 2011

[www.keralites.net] സമരം ചെയ്യുന്നവര്‍ വെടിയേറ്റ് മരിക്കേണ്ടാവരാണോ?

 

സുഹൃത്തുക്കളെ...

കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവിടെ നടക്കുന്ന ചര്‍ച്ചയാണ് ഈ മെയില്‍ എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്. ആദ്യമേ തന്നെ ഇതൊരു മറുപടി പ്രതീക്ഷിക്കുന്ന മെയില്‍ അല്ല എന്ന് സൂചിപ്പിക്കട്ടെ. ഇത് പൂര്‍ണ്ണമായും എന്‍റെ മാത്രം തിരിച്ചറിവാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കാം ഇല്ലായിരിക്കാം. എന്‍റെ തിരിച്ചറിവ് നിങ്ങളുമായി പങ്കുവക്കുന്നു എന്നേ ഉള്ളൂ.

സമാധാനമായി ചര്‍ച്ചയോ നിയമപരമായി കേസോ നടത്തിയാല്‍ നിര്‍മല്‍ മാധവ്‌ എന്ന ചെറുപ്പക്കാരന്റെ പ്രശ്നത്തിന് ഉടനെ ഒരു തീരുമാനം ഉണ്ടാകുമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ? തീരുമാനം ഉണ്ടായാല്‍ തന്നെ അതിനു എത്ര വര്‍ഷം കാത്തിരിക്കണം. അപ്പോഴേക്കും അയാളുടെ പഠിപ്പ് തീര്‍ന്നു അയാള്‍ ഏതെങ്കിലും ജോലിയില്‍ പ്രവേശിചിട്ടുണ്ടാകും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇങ്ങനെ നടന്നിട്ടുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടി ആ വിഷയത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുന്നത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിലവിലിരുന്ന പ്രതിപക്ഷത്തിന്‍റെ കഴിവില്ലായ്മയെ അംഗീകരിക്കലാണ്. അന്നവര്‍ അത് ചൂണ്ടിക്കാണിക്കാത്തത് ആ തെറ്റിന് അവരും കൂട്ടുനിന്നു എന്നതിന് തെളിവല്ലേ?

ഒരു ഉദാഹരണം എടുക്കാം കഴിഞ്ഞ മാസം രൂപയുടെ മൂല്യം കുറഞ്ഞു എന്ന് പറഞ്ഞു പെട്രോളിന് കമ്പനികള്‍ വിലകൂട്ടുകയുണ്ടായി. സമാധാനപരമായി സെക്രട്ടെറിയറ്റു പടിക്കല്‍ ധര്‍ണയോ മൌനജാഥയോ നടത്തിയിരുന്നു എങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കുറച്ച എഴുപതു പൈസ കുറക്കുമായിരുന്നു എന്ന് ആര്‍ക്കെങ്കിലും ഉറപ്പു പറയാന്‍ പറ്റുമോ? അഥവാ അങ്ങനെ നടത്തിയാല്‍ തന്നെ എത്ര ജനങ്ങള്‍ അതിനെ അനുകൂലിച്ചു ആ ധര്‍ണ്ണയില്‍ പങ്കെടുക്കും? അതിനു എത്ര കാലം വേണ്ടി വരും? മുന്നൂറും അഞ്ഞൂറും ദിവസം സെക്രട്ടെരിയെറ്റ്‌ പടിക്കല്‍ സമാധാനപരമായി ധര്‍ണ്ണ നടത്തുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ ഇനി എത്ര കാലം കൂടി ആ ആവശ്യം നേടിയെടുക്കുന്നതിന് വേണ്ടി അങ്ങനെ കഴിയേണ്ടി വരും എന്ന് ഞാന്‍ ചിന്തിച്ചിട്ടുമുണ്ട്.

ഇന്ന് കേരളത്തില്‍ ഒരു ഹര്‍ത്താല്‍ എങ്കിലും നടത്താതെ തീരുമാനം ആയിട്ടുള്ള ഏതെങ്കിലും കേസുകള്‍ ഉണ്ടോ? ജീവിതത്തില്‍ ഒരു സമരത്തിലെങ്കിലും ആത്മാര്‍ഥമായി പങ്കെടുത്തവര്‍ക്ക് മനസ്സിലാകും ഞാന്‍ പറഞ്ഞതിന്‍റെ പൊരുള്‍. ഇതിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നത് എല്ലാ പ്രശ്നങ്ങളും തീരാന്‍ അക്രമാസക്തമായ ഒരു വഴി മാത്രമേ ഉള്ളൂ എന്നല്ല. ഇന്ന് അങ്ങനെ ആയാലേ കാര്യങ്ങള്‍ നടക്കൂ എന്ന അവസ്ഥ വന്നിരിക്കുന്നു. അതിനു പഴിക്കേണ്ടത് അതത് കാലത്തെ സര്‍ക്കാരിനെ തന്നെ ആണ്. അതിനു ഇടതുപക്ഷമോ വലതുപക്ഷമോ എന്ന ഭേദം ഒന്നും ഇല്ല.

ന്യൂഡല്‍ഹിയിലെ ഒരു വിദ്യാര്‍ഥി കേസ് കൊടുത്തത് കൊണ്ടാണോ ഇന്ന് ബാലകൃഷ്ണ പിള്ളയുടെ കാര്യം ഈ സര്‍ക്കാര്‍ ഗൌരവമായി എടുത്തിരിക്കുന്നത്? മോഷണം ആരോപിക്കപ്പെട്ടു കൊലചെയ്യപ്പെട്ട പാലക്കാട്ടെ രഘുവിന്റെ കാര്യം ഇത്രയും ജനശ്രദ്ധ നേടിയില്ലായിരുന്നു എങ്കില്‍ ആ കുടുംബത്തിന് സര്‍ക്കാര്‍ ഇത്രയും സഹായം നല്കുമായിരുന്നോ? വാളകം അധ്യാപകന്റെ കാര്യം എടുക്കാം, അയാളെ ഇടിച്ചു തെറിപ്പിച്ചു എന്ന് പോലീസ് അവകാശപ്പെടുന്ന കാര്‍ ആക്രമിക്കപ്പെട്ട അധ്യാപകനോ പ്രധാന ദ്രിക്സാക്ഷിയോ കണ്ടിട്ടില്ല. പക്ഷെ അതിന്റെ ഡ്രൈവറുടെ രേഖാചിത്രം വരയ്ക്കുന്ന തിരക്കിലാണ് പോലീസിപ്പ്പോള്‍. ജനശ്രദ്ധ പതിവിലധികം നേടിയത് കൊണ്ടാണ് ഇങ്ങനെ ഒരു കാരണമെങ്കിലും പറഞ്ഞു തടിതപ്പാന്‍ ശ്രമിക്കുന്നത്. ഇല്ലായിരുന്നെങ്കില്‍ ആ കേസും ആരും ശ്രദ്ധിക്കാതെ പോയേനെ.

ഇന്ന് കേരളത്തില്‍ ജീവിക്കുന്ന മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്ന പല കാര്യങ്ങളും ഇതുപോലെ അക്രമാസക്തവും അല്ലാത്തതുമായ സമരങ്ങളിലൂടെയും ഹര്‍ത്താല്‍ നടത്തിയും ഇതുമായി യാതൊരു ബന്ധവും ഇല്ലാത്തവര്‍ നേടിയെടുത്തു തന്നതാണ്. ഇക്കഴിഞ്ഞ പെട്രോള്‍ വിലവര്‍ധനക്കെതിരെ നടത്തിയ സമരങ്ങളില്‍ ആ സമരം വിജയിച്ചാല്‍ കിട്ടുന്ന ആനുക്കൂല്യം കൈപറ്റാന്‍ പോകുന്ന എത്ര സാധാരണക്കാര്‍ പങ്കെടുത്തിരിക്കും? ടീവിയിലും പത്രത്തിലും വാര്‍ത്ത കാണിക്കുമ്പോള്‍ അപ്പോള്‍ മാത്രമോ അല്ലെങ്കില്‍ ഫേസ്ബുക്ക്‌ ഓര്‍ക്കുട്ട് എന്നീ സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴിയോ മാത്രം അതിനെ കുറിച്ച് പ്രതികരിക്കുന്നവരാണ് കേരളത്തിലെ തൊണ്ണൂറ്റി അഞ്ചു ശതമാനം ജനങ്ങളും. ഞാനും ഈ പറഞ്ഞ ശതമാന കണക്കില്‍ പെടുന്ന ആള്‍ തന്നെ ആണ്. തെറ്റിനെതിരെ സമൂഹത്തിന്റെ നേര്‍ക്കുനേര്‍ നിന്ന് വിളിച്ചു പറയാന്‍ നമ്മുക്ക് ആവതില്ലാത്തിടത്തോളം കാലം അതിനു ധൈര്യം കാണിക്കുന്നവരെ (അത് ഏതു രാഷ്ട്രീയ പാര്‍ടി ആയിരുന്നാലും സാമൂഹിക സംഘടനകള്‍ ആയിരുന്നാലും വ്യക്തികള്‍ ആയിരുന്നാലും)  വെടിവച്ചു കൊല്ലുന്നതാണ് നല്ലതെന്നു പറയുന്നതിനോട് എനിക്ക് യോജിപ്പില്ല.

ഉദാഹരണത്തിനു സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്ത എത്ര പേര്‍ക്ക് അതിന്റെ ആനുകൂല്യം കിട്ടുന്നുണ്ടാകും. ഇതിനൊക്കെ പിന്നില്‍ തൊണ്ണൂറ്റി ഒന്‍പതു ശതമാനവും രാഷ്ട്രീയ ഗൂഡലക്ഷ്യങ്ങള്‍ കൂടി ഉണ്ടാകും എന്നതിനോട് എനിക്കും എതിര്‍പ്പില്ല. എന്നിരുന്നാലും അതിന്റെ ബാക്കിയുള്ള ഒരു ശതമാനത്തിന്‍റെ ഫലം മുഴുവന്‍ നമ്മുക്കും കൂടി വേണ്ടിയാണ് എന്ന് ഓര്‍ക്കുക. തെറ്റുകള്‍ക്കെതിരെ ആരും പ്രതികരിക്കാതെ ഇരിക്കുകയാനെന്കില്‍ എന്താവും കേരളത്തിന്റെ അവസ്ഥ.

നിര്‍മല്‍ മാധവിന്റെ കാര്യത്തില്‍ ഈ അക്രമാവസ്ഥ ഉണ്ടാകുന്നതിനു മുന്‍പ് തന്നെ സര്‍ക്കാരിനു അതിനു വേണ്ട നടപടി എടുത്തു പ്രശ്നം പരിഹരിക്കാമായിരുന്നു. ഇപ്പോള്‍ അവര്‍ സ്വീകരിച്ച നടപടി തന്നെ അപ്പോഴും കൈക്കൊണ്ടാല്‍ മതിയായിരുന്നു. അപ്പോള്‍ അങ്ങനെ ചെയ്യാതെ ഒരു അക്രമസമരതിലെക്കും വെടിവെയ്പ്പിലെക്കും കാര്യങ്ങളെ കൊണ്ടെത്തിച്ചത് ഈ സര്‍ക്കാര്‍ തന്നെ ആണ്. കാരണം ദിവസങ്ങളും ആഴ്ചകളും നീണ്ട ചര്‍ച്ച ഫലം കാണാതെ വന്നപ്പോഴാണ് സമരം തുടങ്ങുന്നത്. (എല്ലാ സമരങ്ങളുടെയും ഉത്ഭവം അങ്ങനെ തന്നെ ആണ്) അക്രമം കണ്ടാലെ ഞങ്ങള്‍ ഗൌനിക്കൂ എന്ന അവസ്ഥ വിടെണ്ടത് സര്‍ക്കാര്‍ ആണ് മറിച്ചു ജനങ്ങള്‍ അല്ല.

ഒരു സമരം അക്രമാസക്തം ആകുന്നു എന്ന് കരുതി അതില്‍ പങ്കെടുത്തവരെ വെടിവച്ചു കൊല്ലാന്‍ തുടങ്ങിയാല്‍... ഇവിടെ ദിവസവും എത്രപേര്‍ മരിച്ചു വീഴേണ്ടിവരും...

നിര്‍മല്‍ മാധവിന്റെ കാര്യത്തില്‍ ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായത് കൊണ്ട് ഇനി ഇങ്ങനെ ഒരു നിയമലംഘനം നടത്തുന്നവര്‍ തീര്‍ച്ചയായും ഒന്ന് കൂടി ആലോചിക്കാതിരിക്കില്ല.

സ്നേഹപൂര്‍വ്വം
അനു മുരളി


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment