Sunday, December 4, 2011

[www.keralites.net] ദേവാനന്ദ് അന്തരിച്ചു

 

ദേവാനന്ദ് അന്തരിച്ചു
 

Fun & Info @ Keralites.netലണ്ടന്‍: ബോളിവുഡിന്റെ നിത്യഹരിത നായകന്‍ ദേവാനന്ദ് (88) ഹൃദയാഘാതത്തെത്തുടര്‍ന്ന് ലണ്ടനില്‍ അന്തരിച്ചു. വൈദ്യ പരിശോധനയ്ക്കായി ലണ്ടനിലെത്തിയതായിരുന്നു അദ്ദേഹം. മകന്‍ സുനിലും ഒപ്പമുണ്ടായിരുന്നു.നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്,നിര്‍മാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ ദേവാനന്ദ് ഇപ്പോള്‍ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ഷഖര്‍ഗര്‍ തെഹ്‌സിലില്‍ 1923 സെപ്തംബര്‍ 26 നാണ് ജനിച്ചത്. ലാഹോര്‍ സര്‍ക്കാര്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ ശേഷം ബോംബെയിലെത്തിയ അദ്ദേഹം മിലിട്ടറി സെന്‍സര്‍ ഓഫീസില്‍ ജോലിക്കു ചേര്‍ന്നു. മൂത്ത സഹോദരന്‍ ചേതന്‍ ആനന്ദ് അംഗമായിരുന്ന പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ദേവാനന്ദിന് 1946 ല്‍ ഹം ഏക് ഹെ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് 1948 ല്‍ അഭിനയിച്ച സിദ്ദി എന്ന ചിത്രം വന്‍ വിജയമായതിനെത്തുടര്‍ന്ന് ദേവാനന്ദിന് അവസരങ്ങളുടെ പെരുമഴയായിരുന്നു. സിദ്ദിയുടെ വിജയത്തിന് ശേഷം നവ്‌കേതന്‍ എന്ന പേരില്‍ സ്വന്തം നിര്‍മ്മാണ കമ്പനി ആരംഭിച്ച ദേവാനന്ദ് നിരവധി സിനിമകള്‍ നിര്‍മ്മിച്ചു. 

ഹം ഏക് ഹെ ക്ക് ശേഷം 1947ല്‍ സിദ്ദി എന്ന ചിത്രം റിലീസായതോടെ സൂപ്പര്‍ സ്റ്റാറായ ദേവാനന്ദിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2001 ല്‍ പത്മഭൂഷണും 2002 ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. മറ്റനേകം ദേശീയ,അന്തര്‍ദേശീയ അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പെയിംഗ് ഗസ്റ്റ്, ബാസ്സി, ജ്വല്‍ തീഫ്, സി.ഐ.ഡി, ജോണി മേരാ നാം, അമീര്‍ ഗരീബ്, വാറന്റ്, ഹരേ രാമാ ഹരേ കൃഷ്ണ, ദസ് പര്‍ദേസ തുടങ്ങിയ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങളില്‍ ചിലതാണ്. 

1949 ല്‍ അദ്ദേഹം സ്ഥാപിച്ച നവ്‌കേതന്‍ മൂവീസ് 35 ഓളം സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. കല്‍പ്പനാ കൗര്‍ ആണ് ഭാര്യ. ചേതന്‍ ആനന്ദ്, വിജയ് ആനന്ദ് എന്നിവര്‍ സഹോദരന്മാരും പ്രശസ്ത സംവിധായകന്‍ ശേഖര്‍ കപൂറിന്റെ മാതാവ് ശീള്‍കാന്താ കപൂര്‍ സഹോദരിയുമാണ്. 

സുഹൃത്ത് ഗുരുദത്തിന്റെ സംവിധാനത്തില്‍ 1951 ല്‍ നിര്‍മിച്ച ക്രൈം തില്ലര്‍ ബാസ്സി വന്‍ ഹിറ്റായതോടെ ദേവാനന്ദ് ഹിന്ദി സിനിമയിലെ സൂപ്പര്‍ സ്റ്റാറായി. ബാസ്സിയിലും തുടര്‍ന്ന് നിരവധി സിനിമകളിലും ദേവാനന്ദിന്റെ നായികയായിരുന്ന കല്‍പ്പനാ കാര്‍ത്തിക്കിനെ 1954 ലാണ് അദ്ദേഹം വിവാഹം കഴിച്ചത്.

സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും സജീവമായ ദേവാനന്ദ് അടിയന്തരാവസ്ഥയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. 1977 ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിക്കെതിരെ പ്രചാരണം നടത്തിയ അദ്ദേഹം നാഷണല്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയ പാര്‍ട്ടിക്കും രൂപം നല്‍കി. പിന്നീട് ഇത് പിരിച്ചു വിട്ടു. 

അഭിനയത്തിനും നിര്‍മ്മാണത്തിനും പുറമെ സംവിധാന രംഗത്തും എഴുത്തിലും സജീവമായിരുന്ന ദേവാനന്ദ് 19 ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും 13 ചിത്രങ്ങള്‍ക്ക് കഥ എഴുതുകയും ചെയ്തിട്ടുണ്ട്. സിനിമകളില്‍ സംഗീതത്തിന് വലിയ പ്രാധാന്യം നല്‍കിയ ദേവാനന്ദിന്റെ ചിത്രങ്ങളിലെ പാട്ടുകള്‍ മിക്കവയും ഹിറ്റാണ്. അദ്ദേഹത്തിന്റെ ആത്മകഥയായ റൊമാന്‍സിംഗ് വിത്ത് ലൈഫ് 2007 ല്‍ പുറത്തിറങ്ങി. ദേവാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിര്‍മ്മിച്ച് നായകനായി 2005ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ പ്രൈം മിനിസ്റ്ററാണ് അവസാന ചിത്രം. രണ്ടു വര്‍ഷമായി ചാര്‍ജ്ജ് ഷീറ്റ് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ജോലികളിലായിരുന്നു അദ്ദേഹം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment