Sunday, October 17, 2010

[www.keralites.net] മഞ്ഞളാംകുഴി അലി മനസ്സു തുറക്കുന്നു



മഞ്ഞളാംകുഴി അലി മനസ്സു തുറക്കുന്നു

സൗദി അറേബ്യയിലും ദുബൈയിലും തുണി, സുഗന്ധ വ്യാപാരവുമായി നടന്നിരുന്ന മഞ്ഞളാംകുഴി അലി രാഷ്ട്രീയത്തിലിറങ്ങുന്നത് തികച്ചും യാദൃശ്ചികമായാണ്. സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയംഗമായിരുന്ന രാജേന്ദ്രന്‍ മാസ്റ്ററുടേയും പരേതനായ സൈയ്താലിക്കുട്ടിയുടേയും നിര്‍ബ്ബന്ധ പ്രകാരമാണ് 96ല്‍ അലി മങ്കട നിയോജക മണ്ഡലത്തില്‍ സി.പി.എമ്മിനു വേണ്ടി കന്നിയങ്കത്തിനിറങ്ങുന്നത്. മുസ്‌ലീം ലീഗിന്റെ പരമ്പരാഗത സീറ്റായ മങ്കടയില്‍ ചിര പരിചിതനായ കെ.പി.എ മജീദിനെ തറപറ്റിക്കുകയെന്ന അതിസാഹസത്തിനാണ് അലി നിയോഗിക്കപ്പെട്ടത്. പ്രഥമ ദൗത്യത്തില്‍ തന്നെ കാലിടറിയ ഈ കച്ചവടക്കാരന്‍ പരാജയം വിജയത്തിന്റെ മുന്നോടിയാണെന്ന് തെളിയിച്ചു. 2001 ല്‍ അതേ മണ്ഡലത്തില്‍ അതേ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയ അലി 2006 ല്‍ കൂടുതല്‍ കരുത്തനായ മുസ്‌ലീം ലീഗിലെ എം.കെ മുനീറിനെ തോല്‍പിച്ച് മണ്ഡലത്തിലെ തന്റെ ആധിപത്യം അരക്കിട്ടുറപ്പിച്ചു.  2001ലെയും 2006ലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍  ഏറ്റവും ശ്രദ്ധേയമായ  വിജയമായിരുന്നു അലിയുടേത്. മുസ്‌ലിം ലീഗിന്റെ ഹരിത ഭൂമിയില്‍ ചെങ്കൊടിക്ക് ഇടമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ആ മല്‍സര വിജയങ്ങള്‍.

എന്നാല്‍, സി.പി.എമ്മില്‍ നിന്നു അലിക്കുണ്ടായ  അനുഭവം കയ്‌പേറിയതായിരുന്നു. പാര്‍ട്ടിയുടെ വിഭാഗീയതയില്‍പെട്ട് അലി പുറംതള്ളപ്പെട്ടു. ഏറ്റവും അടുത്തവരെന്ന് കരുതിയവരില്‍നിന്നുണ്ടായ കുതികാല്‍വെട്ടിലും ശത്രുതയിലും മനംനൊന്താണ് അലി ഒടുവില്‍ രാജിവെച്ചത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പാലോളി മുഹമ്മദ് കുട്ടിയും എ. വിജയരാഘവന്‍ എം.പിയുമാണ് തനിക്കെതിരായ കരുക്കള്‍ നീക്കിയതെന്ന് അലി പറയുന്നു.

2006ല്‍ മല്‍സരിക്കില്ലെന്ന് ഉറപ്പിച്ചതാണ്. ഇക്കാര്യം പറയാനായി പാലോളി മുഹമ്മദ്കുട്ടിയെ വീട്ടില്‍ച്ചെന്ന് കണ്ടപ്പോള്‍ മലപ്പുറത്തുനിന്ന് പാര്‍ട്ടി താങ്കളെയാണ് കാണുന്നത് എന്നായിരുന്നു പാലോളിയുടെ മറുപടി. പാലോളിയുടെ നിര്‍ബന്ധപ്രകാരമാണ് സുഹൃത്തുകൂടിയായ ഡോ. എം.കെ. മുനീറിനെതിരെ മല്‍സരിച്ചത്. പിന്നീട് അതേ പാലോളി തന്നെ തനിക്കെതിരെ തിരിഞ്ഞു. അതില്‍ എനിക്ക് ദുഃഖമില്ല. മലപ്പുറം ജില്ലയില്‍ പാര്‍ട്ടി വളര്‍ത്തുന്നതിന് നിസ്വാര്‍ഥമായ സേവനമനുഷ്ടിച്ച   ഗുരു തുല്യനായ രാജേന്ദ്രന്‍ മാഷെ പാര്‍ട്ടി പുറംകാല്‍കൊണ്ട് തട്ടിയതാണ് തന്നെ വേദനിപ്പിച്ച ഏറ്റവും വലിയ സംഭവം.

വി.എസ് മന്ത്രിസഭയില്‍ മലപ്പുറം ജില്ലയില്‍നിന്ന് ഒരു മന്ത്രി എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ അലിയുടെ പേരാണ് ആദ്യം പൊങ്ങിവന്നത്. എന്നാല്‍, അവന്‍ എല്ലാം നശിപ്പിച്ചില്ലേ എന്നായിരുന്നുവത്രെ പാര്‍ട്ടി യോഗത്തില്‍ പാലോളിയുടെ കമന്റ്. ഇതിനകം വി.എസ്. അച്യുതാനന്ദന്റെ അടുത്ത അനുയായി ആയി മാറിയ തന്നോടുള്ള നീരസമായിരുന്നു അതെന്ന് അലി അനുസ്മരിക്കുന്നു. വി.എസ്. മലപ്പുറത്ത് വരുമ്പോഴെല്ലാം തങ്ങുന്നത് അലിയുടെ വസതിയിലാണ്. മലപ്പുറം പെരിന്തല്‍മണ്ണ റോഡിലെ പനങ്ങാങ്ങരയിലെ അലിയുടെ വീട്ടുമുറ്റത്ത് വി.എസ് പ്രഭാത സവാരി നടത്തുന്നത് കണ്ടാണ് പലപ്പോഴും പാര്‍ട്ടിക്കാര്‍ പോലും അദ്ദേഹം ജില്ലയില്‍ എത്തിയ വിവരം അറിയിന്നത്.  ഇരുവരും തമ്മിലെ ഈ ആത്മ ബന്ധമാണ് പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിന് ദഹിക്കാതിരുന്നത്.

2006ല്‍ മങ്കടയെ ഇളക്കിമറിച്ച തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ആഹ്‌ളാദപ്രകടനം നടക്കവെ ജില്ലയിലെ പ്രമുഖ സി.പി.എം നേതാവ് അലിയുടെ വാഹനത്തില്‍ ചാടിക്കയറി അഭിമാനത്തോടെ  പറഞ്ഞു. 'താങ്കള്‍ മന്ത്രിസഭയിലുണ്ടാവും'. ആടറിയുമോ അങ്ങാടി വാണിഭം!  തനിക്കു മുമ്പെ ജില്ലയിലെ തല മുതിര്‍ന്ന നേതാവ് മന്ത്രിസ്ഥാനം ഉറപ്പിച്ച കഴിഞ്ഞിരുന്നു എന്ന കാര്യം അലി നേരത്തെ അറിഞ്ഞിരുന്നു.

സത്യപ്രതിജ്ഞ ചെയ്യുന്നതിനുമുമ്പുതന്നെ അലി രാജിക്ക് തയാറായി. അന്തരിച്ച സി.പി.എം നേതാവും മലപ്പുറം ജില്ലയിലെ സി.പി.എമ്മിന്റെ നെടുംതൂണുമായിരുന്ന കെ. സെയ്താലിക്കുട്ടിയെ അലി രാജി  സന്നദ്ധത അറിയിച്ചിരുന്നതാണ്. വയോവൃദ്ധനായ സെയ്താലിക്കുട്ടി കരയുകയായിരുന്നു. 'ഇവര്‍ പാര്‍ട്ടിയെ നശിപ്പിക്കും. ജനങ്ങളോടുള്ള വാഗ്ദാനം അലി പാലിക്കണം'. സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന സെയ്താലിക്കുട്ടി അലിയുടെ കാലില്‍ പിടിച്ച് കരഞ്ഞു. ഒന്നും പറയാതെ അന്ന് ഇറങ്ങിപ്പോന്നു. മങ്കട മണ്ഡലത്തില്‍ എല്ലാ വീടുകളിലും വൈദ്യുതി, വെള്ളം, ഇതായിരുന്നു വാഗ്ദാനം. അത് പാലിച്ചുവെന്ന കൃതാര്‍ഥതയോടെയാണ് ഇപ്പോള്‍ ഇടതുമുന്നണിയോട് വിടപറയുന്നതെന്ന് അലി പറഞ്ഞു.
പാര്‍ട്ടിക്കാരനല്ലെങ്കിലും സി.പി.എമ്മിനും നിഷേധിക്കാനാവാത്ത സഹായം താന്‍ ചെയ്തിട്ടുണ്ട്. മലപ്പുറത്തു നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഏറെ ശ്രദ്ധിക്കപ്പെട്ട പോസ്റ്ററുകളിലൊന്നായിരുന്നു ചെങ്കൊടിയേന്തിയ മുസ്‌ലിയാരുടെ ചിത്രം. കോണ്‍ഗ്രസുകാരനായിരുന്ന ആ മുസ്‌ലിയാരെ സി.പി.എമ്മാക്കി മാറ്റി പരസ്യത്തിനു മോഡലാക്കിയത് സാധാരണ സംഭവമല്ല. മലപ്പുറത്തിന്റെ മാറ്റത്തിന്റെ പ്രതീകമായിരുന്നു ആ പോസ്റ്ററെന്ന് അലി അനുസ്മരിക്കുന്നു.

തന്റെ മണ്ഡലത്തില്‍ സ്വാശ്രയ കോളേജിനു വേണ്ടി പത്തേക്കര്‍ സ്ഥലം തുച്ഛവിലക്കാണ് താന്‍ നല്‍കിയത്. ഏഴായിരം രൂപ സെന്റിന് വില കണക്കാക്കിയാണ് ഈ സ്ഥലം കോളേജനുവേണ്ടി നല്‍കിയത്.  തനിക്കെതിരെ ഇപ്പോള്‍ പടക്കിറങ്ങിയ ടി.കെ. ഹംസയെക്കുറിച്ചും അലി വാചാലനായി. അധികാരമില്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് ടി.കെ ഹംസ നേരിട്ട് പറഞ്ഞതായി അലി ആരോപിച്ചു. അധികാരത്തിനു വേണ്ടിയാണ് ടി.കെ. ഹംസ എന്നും നിലകൊണ്ടതെന്നും അലി പറഞ്ഞു.മുസ്‌ലീം ലീഗില്‍ ചേരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശിഹാബ് തങ്ങള്‍ ജീവിച്ചിരുന്ന കാലത്തു തന്നെ അത്തരത്തില്‍ സംഭാഷണം നടന്നിരുന്നതായി അലി വെളിപ്പെടുത്തി. തങ്ങളും എം.കെ മുനീറും കുഞ്ഞാലിക്കുട്ടിയും താനും പങ്കെടുത്ത ചടങ്ങില്‍ അലിയെ ലീഗിലേക്ക് ക്ഷണിക്കാന്‍ മുനീര്‍ തങ്ങളോട് ആവശ്യപെട്ടപ്പോള്‍ 'അവനെ കൊണ്ട് നിങ്ങള്‍ക്ക് ഉപദ്രവമൊന്നുമില്ലല്ലോ, അവന്‍ നമ്മുടെ കുട്ടിയാണെന്നു' മായിരുന്നു തങ്ങളുടെ പ്രതികരണം.

വലിയൊരു ഭാരം ചുമലില്‍നിന്ന് ഇറക്കിവെച്ച ആശ്വാസത്തിലാണ് താന്‍. രാഷ്ട്രീയ സന്ന്യാസത്തിന് ഒരുക്കമല്ല. ജനങ്ങള്‍ക്കുവേണ്ടത് വളരെ ചെറിയ ആവശ്യങ്ങളാണ്. അത് നിവര്‍ത്തിച്ചുകൊടുക്കാന്‍ പൊതുപ്രവര്‍ത്തനകനെന്ന നിലയില്‍ ബാധ്യതയുണ്ടെന്ന് ഇപ്പോഴും കരുതുന്നു -അലി പറഞ്ഞു നിര്‍ത്തി



www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment