Saturday, October 16, 2010

[www.keralites.net] പ്രമേഹം... അറിഞ്ഞിരിക്കേണ്ടതെല്ലാം



പ്രമേഹം... അറിഞ്ഞിരിക്കേണ്ടതെന്തല്ലാം

സമൂഹം ഇന്നു നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ്‌ പ്രമേഹം.
മുന്‍പ്‌ പണക്കാരുടെ മാത്രം രോഗം എന്നറിയപ്പെട്ടിരുന്ന ഈ രോഗം ഇന്ന്‌
കുട്ടികളിലും സ്‌ത്രീകളിലും പോലും സാധാരണമായിരിക്കുന്നു എന്നതാണ്‌
പേടിപ്പെടുത്തുന്ന വസ്‌തുത. ഈ രോഗത്തെ കുറിച്ചും
ചികിത്സയെക്കുറിച്ചുമൊക്കെ ഒരുപാട്‌ തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍
ഇപ്പോഴുമുണ്ട്‌. ഇതുവരെ പ്രമേഹത്തെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാന്‍
കഴിയുന്നതിനു സഹായകമായ മരുന്ന്‌ വൈദ്യശാസ്‌ത്രം ഇതുവരെ
കണ്ടുപിടിച്ചിട്ടില്ല. ഭക്ഷണക്രമത്തിലൂടെയും മരുന്നിലൂടെയും രോഗം
നിയന്ത്രിക്കുക എന്ന പ്രതിവിധിമാത്രമേ രോഗിക്കു മുന്നിലുള്ളൂ.
രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും ശരിയായ അറിവുണ്ടെങ്കില്‍
മാത്രമേ രോഗം സങ്കീര്‍ണ്ണമാകുന്നത്‌ തടയാനും പ്രതിരോധിക്കുവാനും
കഴിയുകയുള്ളൂ.

മധുരപലഹാരങ്ങള്‍ കഴിക്കുന്നത്‌ പ്രമേഹരോഗബാധയ്‌ക്കു കാരണമാകുമോ?

കുട്ടിക്കാലത്ത്‌ മധുരപലഹാരങ്ങളും മറ്റും കഴിക്കുന്നതാണ്‌
പ്രമേഹരോഗബാധയ്‌ക്കു കാരണമെന്ന ഒരു അബദ്ധധാരണ ആളുകള്‍ക്കിടയിലുണ്ട്‌.
പ്രമേഹബാധയുമായി മധുരത്തിനു വല്യ ബന്ധമൊന്നുമില്ല. മൂത്രത്തില്‍
പഞ്ചസാരയുടെ അളവു കൂടുന്നതാണ്‌ പ്രമേഹരോഗബാധയുടെ മുഖ്യലക്ഷണമെന്ന്‌ പലരും
കരുതുന്നു. പ്രമേഹരോഗികളുടെ മൂത്രത്തില്‍ പഞ്ചസാരയുടെ അളവ്‌
കൂടുതലായിരിക്കുമെങ്കിലും രോഗലക്ഷണത്തോടു ബന്ധപ്പെട്ട വിശകലനത്തില്‍
മൂത്രത്തിലെ പഞ്ചസാരയ്‌ക്ക് വലിയ പ്രാധാന്യമൊന്നും ആധുനിക ചികിത്സകര്‍
കല്‍പ്പിക്കുന്നില്ല.

ശരീരത്തില്‍ ഊര്‍ജ്‌ജം നിലനിര്‍ത്താന്‍ പഞ്ചസാര അഥവാ ഗ്ലൂക്കോസ്‌
ആവശ്യമാണ്‌. ഭക്ഷണപദാര്‍ത്ഥങ്ങളിലുള്ള ഗ്ലൂക്കോസ്‌ ഇന്‍സുലിന്റെ
സാന്നിദ്ധ്യത്തില്‍ മാത്രമേ ശരീരത്തിന്‌ ഉള്‍ക്കൊള്ളാനാവൂ.
പാന്‍ക്രിയാസ്‌ ഗ്രന്ഥിയാണ്‌ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്‌.
പാന്‍ക്രിയാസ്‌ ഗ്രന്ഥിക്ക്‌ ഉണ്ടാകുന്ന തകരാറു നിമിത്തം ഇന്‍സുലിന്റെ
ഉല്‍പ്പാദനം കുറയുന്നു. അപ്പോള്‍ ഭക്ഷണപദാര്‍ത്ഥങ്ങളിലൂടെ ലഭിക്കുന്ന
ഗ്ലൂക്കോസ്‌ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ രീതിയില്‍
മാറ്റപ്പെടാന്‍ കഴിയാതെ വരുന്നു. അപ്പോഴാണ്‌ രക്‌തത്തിലും മൂത്രത്തിലും
പഞ്ചസാരയുടെ അളവ്‌ വര്‍ദ്ധിക്കുന്നത്‌.

ഒരു ഡസിലിറ്റര്‍ രക്‌തത്തില്‍ 80 മുതല്‍ 126 മില്ലിഗ്രാം വരെ
പഞ്ചസാരയുണ്ടാവുക സാധാരണമാണ്‌. ഈ അളവില്‍ കൂടുന്നതാണ്‌ പ്രമേഹരോഗാവസ്‌ഥ.
മധുരം കൂടുതല്‍ കഴിക്കുന്നത്‌ ആരോഗ്യത്തിനു പൊതുവേ നല്ലതല്ല. എന്നാല്‍
അത്‌ പ്രമേഹത്തിന്‌ കാരണമാകുന്നില്ല. എന്നാല്‍ പ്രമേഹം ബാധിച്ചവര്‍ മധുരം
കഴിക്കുന്നത്‌ അപകടകരമാണ്‌. ചുരുക്കത്തില്‍ പ്രമേഹബാധയ്‌ക്കുശേഷമേ മധുരം
വിലക്കപ്പെട്ടതാകുന്നുള്ളൂ.

ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ ക്രമാതീതമായി കൂടുന്നത്‌
മധുരപലഹാരങ്ങളുടെ ഉപയോഗം കൊണ്ടു മാത്രമാവണമെന്നില്ല. കാര്‍ബോഹൈഡ്രേറ്റ്‌
ഉള്‍പ്പെട്ട ഏതു ഭക്ഷണം കഴിക്കുന്നതും കൊണ്ടും ഇതുണ്ടാകാം.
സ്‌റ്റാര്‍ച്ച്‌ എന്നു പറയുന്ന ധാന്യനൂറാണ്‌ പ്രശ്‌നമുണ്ടാക്കുന്നത്‌.
സ്‌റ്റാര്‍ച്ചിന്റെ ശാസ്‌ത്രനാമമാണ്‌ കാര്‍ബോ ഹൈഡ്രേറ്റ്‌.
ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന സ്‌റ്റാര്‍ച്ചിന്റെ
അമിതസാന്നിദ്ധ്യമാണ്‌ പ്രമേഹരോഗികളുടെ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌
കൂട്ടുന്നത്‌.

ധാന്യങ്ങളിലും ചില കിഴങ്ങുവര്‍ഗ്ഗങ്ങളിലും സ്‌റ്റാര്‍ച്ചിന്റെ അംശം
കൂടുതലായി കണ്ടു വരുന്നു. അരികൊണ്ടുള്ള വിഭവങ്ങളില്‍ പൊതുവേ
സ്‌റ്റാര്‍ച്ച്‌ കൂടുതലാണ്‌. ചിലയിനം പയറുവര്‍ഗ്ഗങ്ങളിലും
സ്‌റ്റാര്‍ച്ച്‌ കൂടുതലാണ്‌. ധാന്യങ്ങളില്‍ ഗോതമ്പ്‌ , മുത്താറി, തിന
തുടങ്ങിയവയില്‍ സ്‌റ്റാര്‍ച്ച്‌ കുറവാണ്‌. പ്രമേഹരോഗികള്‍ അരിഭക്ഷണം
ഒഴിവാക്കി ഗോതമ്പിലേക്കോ സ്‌റ്റാര്‍ച്ചിന്റെ അംശങ്ങള്‍ കുറവായ മറ്റു
ധാന്യങ്ങളിലേക്കോ മാറിയാല്‍ രോഗാവസ്‌ഥ കൂടുതല്‍ നിയന്ത്രണവിധേയമാകും.
സ്‌റ്റാര്‍ച്ച്‌ കുറവായ ധാന്യങ്ങളില്‍ പൊതുവേ ശരീരത്തിനാവശ്യമായ മാംസ്യം
തുടങ്ങിയ മറ്റു പോഷകങ്ങളും ധാരാളമായി ലഭിക്കും. ലഘുവായ ഇന്‍സുലിന്‍
തകരാറുകള്‍ മാത്രമേ ഭക്ഷ്യക്രമത്തിലൂടെ നിയന്ത്രിക്കുവാന്‍
സാധിക്കുകയുള്ളൂ. രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ വളരെ കൂടുതലുള്ളവര്‍
കണിശമായ ഭക്ഷ്യക്രമത്തോടൊപ്പം പ്രമേഹവിരുദ്ധമരുന്നുകളും
ഉപയോഗിക്കേണ്ടതുണ്ട്‌. പ്രമേഹരോഗമുള്ളവര്‍ പഞ്ചസാരയുടെ ഉപയോഗം
പൂര്‍ണ്ണമായും ഒഴിവാക്കണം.

പ്രമേഹം ഒരു പാരമ്പര്യരോഗമാണോ?

പരമ്പരാഗതമായി പ്രമേഹരോഗം കണ്ടു വരുന്നുണ്ട്‌. എന്നാല്‍ പ്രമേഹരോഗിയുടെ
സന്താനങ്ങള്‍ പ്രമേഹരോഗികളല്ലാതായിരിക്കുകയും പ്രമേഹരോഗി അല്ലാത്തവരുടെ
അടുത്ത തലമുറ പ്രമേഹരോഗികളായി മാറിയിട്ടുള്ളതുമായ അവസ്‌ഥ ഉള്ളതിനാല്‍
പ്രമേഹത്തെ പൂര്‍ണ്ണമായും ഒരു പാരമ്പര്യരോഗമെന്ന്‌ വിലയിരുത്തുന്നത്‌
ശരിയല്ല. എന്നാല്‍ നല്ലൊരു ശതമാനം പേരിലും പ്രമേഹം പാരമ്പര്യമായി
കാണപ്പെടുന്നു എന്ന വസ്‌തുത വിസ്‌മരിക്കുന്നുമില്ല.

പുരുഷന്മാരെ സംബന്ധിച്ച്‌ സ്‌ത്രീകളാണ്‌ പെട്ടെന്ന്‌ പ്രമേഹരോഗ
മൂര്‍ച്ചയിലേക്ക്‌ എത്തുന്നതെന്ന്‌ പറയപ്പെടുന്നതില്‍ വസ്‌തുതയുണ്ടോ?

അന്‍പത്‌ സ്‌ത്രീകളെ ഉള്‍പ്പെടുത്തി കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ
ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പുരുഷന്മാരേക്കാള്‍
രോഗമൂര്‍ച്ചയിലേക്ക്‌ പെട്ടെന്ന്‌ എത്തിപ്പെടുന്നത്‌ സ്‌ത്രീകളാണ്‌ എന്നു
മനസ്സിലാക്കുകയുണ്ടായി. മാനസികമായ പ്രശ്‌നങ്ങളാണ്‌ രോഗം
സങ്കീര്‍ണ്ണമാക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നതെന്നും കണ്ടെത്തി.
സ്‌ത്രീകളുടെ പ്രത്യേക ശാരീരിക മാനസിക അവസ്‌ഥകള്‍ കണക്കിലെടുത്തായിരുന്നു
പഠനം. മുപ്പതിനും അന്‍പതിനും വയസ്സിനിടയ്‌ക്കു പ്രായമുള്ള
സ്‌ത്രീകളെയായിരുന്നു ഈ പഠനത്തിനായി ഉള്‍പ്പെടുത്തിയിരുന്നത്‌. മുപ്പതാം
വയസ്സില്‍ പ്രമേഹലക്ഷണങ്ങള്‍ പ്രകടമാക്കിയത്‌ രണ്ടുപേര്‍മാത്രമായിരുന്നു.
മുപ്പത്തിയെട്ടുവയസ്സിനു ശേഷമാണ്‌ ഭൂരിഭാഗം പേരിലും രോഗബാധയുടെ
ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയത്‌. ദാഹം, തൊണ്ടവരള്‍ച്ച, കൈകാല്‍
കുഴച്ചില്‍, കടുത്തക്ഷീണം, ഉറക്കമില്ലായ്‌മ, ഇടക്കിടെ മൂത്രശങ്ക എന്നീ
ലക്ഷണങ്ങളില്‍ ഒന്നിലധികം എല്ലാ സ്‌ത്രീകളിലും കാണപ്പെടുകയും
ചെയ്‌തിരുന്നു.

പഠനവിധേയരായ അന്‍പതു പേരില്‍ നാല്‍പ്പത്തിമൂന്നു സ്‌ത്രീകളുടെ മാതാവിനോ
പിതാവിനോ പ്രമേഹബാധയുണ്ടായിരുന്നു എന്ന്‌ വെളിപ്പെടുത്തപ്പെട്ടതാണ്‌
ഗവേഷകരില്‍ അല്‍ഭുതമുളവാക്കിയത്‌. അവശേഷിച്ച ഏഴുസ്‌ത്രീകളുടെ
മാതാപിതാക്കള്‍ പ്രത്യേകിച്ച്‌ ഒരു രോഗവുമില്ലാതെ ജീവിക്കുകയും
ചെയ്യുന്നു. വിവാഹിതരും അമ്മാരും ആയതോടെയാണ്‌ മിക്കവരിലും രോഗലക്ഷണങ്ങള്‍
കണ്ടു തുടങ്ങിയത്‌ എന്നതാണ്‌ മറ്റൊരു കണ്ടെത്തല്‍.

സ്‌ത്രീകളില്‍ രോഗാവസ്‌ഥ പുരുഷന്മാരേക്കാള്‍ സങ്കീര്‍ണ്ണമാകാന്‍ നിരവധി
കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്‌ത്രീഹോര്‍മ്മോണുകളുടെ
പ്രവര്‍ത്തനം തന്നെയാണ്‌ ഒന്നാമത്തെ കാര്യം. ഉപാപചയപ്രക്രിയ
തകരാറിലാവാന്‍ സ്‌ത്രീകളിലാണ്‌ സാധ്യത കൂടുതലായി കാണപ്പെടുന്നത്‌.

മധ്യവയസ്സിനു മുന്‍പ്‌ പ്രമേഹരോഗം കാണപ്പെടുന്നത്‌?

മധ്യവയസ്സെത്തുന്നതോടെയാണ്‌ പ്രമേഹലക്ഷണങ്ങള്‍ മിക്കവരിലും കണ്ടു
തുടങ്ങുന്നത്‌. എന്നാല്‍ ഇപ്പോള്‍ ചുരുക്കമെങ്കിലും ശൈശവം തൊട്ട്‌
യൗവ്വനം വരെയുള്ള ഈ രോഗം ചിലരില്‍ കണ്ടുവരുന്നുണ്ട്‌. ശൈശവഘട്ടത്തിലെ
രോഗലക്ഷണങ്ങള്‍ മുതിര്‍ന്നവരുടേതില്‍ നിന്ന്‌ തീര്‍ത്തും വ്യത്യസ്‌തവും
കൂടുതല്‍ സങ്കീര്‍ണ്ണവുമായിരിക്കും എന്നതിനാല്‍ എളുപ്പത്തില്‍
തിരിച്ചറിഞ്ഞെന്നു വരില്ല. കടുത്ത പനി, ദാഹം, കഠിനമായ ക്ഷീണം, നെഞ്ചിലും
ആമാശയത്തിലും വേദനയോ എരിച്ചിലോ എന്നിവയില്‍ ഏതെങ്കിലുമോ എല്ലാം കൂടിയോ
ആവാം രോഗലക്ഷണം. കുട്ടികള്‍ അറിയാതെ മൂത്രം ഒഴിക്കുന്നതും രോഗലക്ഷണമായി
കണക്കാക്കേണ്ടതുണ്ട്‌.

പാന്‍ക്രിയാസ്‌ ഗ്രന്ഥിയുടെ ദുര്‍ബലതയോ പ്രവര്‍ത്തനവൈകല്യമോ ആകാം
രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ കാരണം. വിദഗ്‌ധപരിശോധനയിലൂടെ മാത്രമേ
രോഗനിര്‍ണ്ണയം കൃത്യമായി നടത്താന്‍ കഴിയുകയുള്ളൂ. ഇളംപ്രായത്തിലുള്ള
പ്രമേഹബാധ ബന്ധപ്പെട്ടവരുടെ അശ്രദ്ധ കാരണം മാരകമായിത്തീരാം. അതിനാല്‍
രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ശിശുരോഗ വിദഗ്‌ധന്റെ
പരിശോധനയ്‌ക്കു വിധേയമാക്കണം.

യൗവ്വനാരംഭത്തിലോ മധ്യഘട്ടത്തിലോ പ്രമേഹബാധയുണ്ടാകാം. അപ്പോഴും
രോഗനിര്‍ണ്ണയം കൃത്യമായി നിര്‍വ്വഹിക്കുക എന്നതു തന്നെയാണ്‌ പ്രധാനം.
കടുത്ത പനിയോടൊപ്പം ശരീരം പെട്ടെന്ന്‌ മെലിയല്‍, വയറു വേദന,
നെഞ്ചെരിച്ചില്‍ എന്നിവയൊക്കെ രോഗലക്ഷണങ്ങളായി പ്രത്യക്ഷപ്പെടാം. സാധാരണ
ചികിത്സ കൊണ്ട്‌ പെട്ടെന്ന്‌ ശമനലക്ഷണങ്ങള്‍ കാണുന്നില്ലെങ്കില്‍ വിദഗ്‌ധ
ചികിത്സകന്റെ സഹായം അടിയന്തിരമായി ലഭ്യമാക്കണം. മരുന്നുകള്‍ ഡോക്‌ടറുടെ
നിര്‍ദ്ദേശാനുസരണമല്ലാതെ നിര്‍ത്തിക്കളയുകയോ ഭക്ഷണക്രമത്തില്‍ പാലിച്ചു
വന്ന നിയന്ത്രണം ഉപേക്ഷിക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

ഏതു പ്രായത്തിലായാലും പ്രമേഹബാധ ഒരിക്കല്‍ ഉണ്ടായിക്കഴിഞ്ഞാല്‍
ദിനചര്യകളും ഭക്ഷണക്രമവും കര്‍ശനമായ നിയന്ത്രണത്തില്‍ തുടരേണ്ടതുണ്ട്‌.
അല്ലെങ്കില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും രോഗബാധിതരുടെ മാനസികവും
ശാരീരികവുമായ അവസ്‌ഥ സങ്കീര്‍ണ്ണമായിത്തീരുകയും ചെയ്യും. ഈ സങ്കീര്‍ണ്ണത
ഒഴിവാക്കുക എന്നതാണ്‌ മരുന്നിനേക്കാളും ചികിത്സയേക്കാളും പ്രധാനം.
രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ കൂടുന്നതു മൂലം തകരാറിലാവുന്നത്‌
ശരീരികപ്രവര്‍ത്തനങ്ങള്‍ മാത്രമല്ല. മാനസികമായ ഒട്ടേറെ പ്രശ്‌നങ്ങള്‍
അതുണ്ടാക്കുന്നുണ്ട്‌. ശാരീരികവും മാനസികവുമായ അസ്വസ്‌ഥതകളിലേക്ക്‌
വ്യക്‌തി ഒരേ സമയം നിപതിക്കുന്നത്‌ ഒഴിവാക്കുക എന്നതാണ്‌ അത്യാവശ്യം. ഇളം
പ്രായത്തിലുള്ള പ്രമേഹം ആയുര്‍ദൈര്‍ഘ്യത്തെ പ്രതികൂലമായി
ബാധിക്കാതിരിക്കുന്നത്‌ ശരിയായ രോഗനിര്‍ണ്ണയവും ചികിത്സയും
സാധ്യമാകുന്നതു കൊണ്ടു മാത്രമാണെന്നോര്‍ക്കുക.

ഗര്‍ഭിണികളില്‍ പ്രമേഹബാധ

ഗര്‍ഭിണികളില്‍ പ്രമേഹബാധയ്‌ക്ക് ചില പ്രത്യേക കാരണങ്ങളുണ്ട്‌.
രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുന്ന ഹോര്‍മ്മോണാണ്‌
ഇന്‍സുലിന്‍. ഈ ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനം. തകരാറിലാകുമ്പോള്‍
രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ കുത്തനെ ഉയരുന്നു. ഗര്‍ഭകാലത്ത്‌
സ്‌ത്രീകളുടെ ശരീരത്തിന്റെ തൂക്കം കൂടുന്നത്‌ ഇന്‍സുലിന്റെ
പ്രവര്‍ത്തനത്തെ തകരാറിലാക്കിയേക്കാം. ഗര്‍ഭിണികളല്ലാത്തവര്‍ക്കുള്ള
ചികിത്സ തന്നെയാണ്‌ ഗര്‍ഭിണികള്‍ക്കും ചെയ്യുന്നത്‌. ഭക്ഷണക്രമംത
വ്യായാമം എന്നിവ പ്രധാനമാണ്‌. തൂക്കം വര്‍ദ്ധിക്കുന്നത്‌
നിയന്ത്രിക്കുന്നതിനുള്ള വ്യായാമം ഇന്‍സുലിന്‍ ഉല്‍പ്പാദനം
മെച്ചപ്പെടുത്തുന്നതിന്‌ ഉല്‍ക്കണ്‌ഠ ഗര്‍ഭത്തിലുള്ള ശിശുവിനെ
കുറിച്ചാണ്‌. മാതാവിന്റെ രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ കൂടിയിരുന്നാല്‍
ഗര്‍ഭസ്‌ഥശിശുവിന്റെ വളര്‍ച്ചയും അധികമായിരിക്കും. ശിശു വളരെ വലുതായാല്‍
മാതാവിന്‌ സാധാരണ പ്രസവം സാധ്യമായെന്നു വരില്ല. ശസ്‌ത്രക്രിയ വേണ്ടി
വരും.  ബാധിക്കാനും സാധ്യത കൂടുതലാണ്‌. ഇവയേക്കാളൊക്കെ അപകടം
പ്രമേഹബാധിതയായ ഗര്‍ഭിണി പ്രസവിക്കുന്ന കുഞ്ഞിന്‌ ഭാവിയില്‍
പ്രമേഹബാധയുണ്ടാവാന്‍ സാധ്യതയുണ്ട്‌ എന്നതാണ്‌.

ഗര്‍ഭകാല പ്രമേഹബാധ തടയാന്‍ കഴിയുമോ?

ശരിയായ പരിചരണമുണ്ടെങ്കില്‍ വലിയൊരു പരിധി വരെ ഗര്‍ഭകാലത്തെ പ്രമേഹബാധയെ
തടയാന്‍ കഴിയും. ശര്‍ഭധാരണത്തിനു മുന്‍പ്‌ ശരീരതൂക്കം മാതൃകാപരമായി
നിലനിര്‍ത്താന്‍ ശ്രമിക്കുക എന്നതാണ്‌ ഒന്നാമത്തെ കാര്യം. ഒമ്പതു മുതല്‍
പതിനൊന്നു കിലോഗ്രാം വരെ തൂക്കം കുറയ്‌ക്കുന്നതിന്‌ സാധ്യമാകും വിധം
ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.

ഡോക്‌ടറുമായി ആലോചിച്ച്‌ ഗര്‍ഭകാലത്ത്‌ ചെയ്യാവുന്ന വ്യായാമങ്ങള്‍
ചെയ്‌ത് ശരീരത്തിന്റെ ഉന്‍മേഷം നിലനിര്‍ത്തുക. ഭാരം, രക്‌തത്തിലെ
പഞ്ചസാരയുടെ അളവ്‌ , രക്‌തസമ്മര്‍ദ്ദം എന്നിവ പരിശേ=BEധിച്ചറിഞ്ഞ്‌
ശരിയായ രീതിയില്‍ ക്രമപ്പെടുത്തുക. ഇതെല്ലാം ശരിയായി പാലിച്ച്‌
മുന്നോട്ടു പോയാല്‍ ഗര്‍ഭകാലത്ത്‌ സംഭവിക്കുന്ന പാരമ്പര്യേതരമായ
പ്രമേഹബാധയെ തടയാനാകും.

With Regards
Salim Kalladi


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment