Saturday, October 16, 2010

[www.keralites.net] പാനിക് അറ്റാക്ക്



പാനിക് അറ്റാക്ക്

പ്രായം ഇരുപത്തിരണ്ടുള്ള അവിവാഹിതയായ ശ്രീലത ഒരു സ്വകാര്യ കമ്പനിയില്‍ സ്റ്റെനോഗ്രാഫര്‍ ആയിരുന്നു. ശ്രീലത ഒരുദിവസം രാവിലെ ജോലിക്ക് പോകാനായി തിരക്കുള്ള ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ശക്തമായ നെഞ്ചിടിപ്പും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. ഇപ്പോള്‍ മരിച്ചുപോകും എന്ന പരിഭ്രാന്തിമൂലം ശ്രീലത ഉടന്‍ ബസ്സില്‍നിന്ന് ഇറങ്ങി ഓട്ടോ വിളിച്ച് സമീപത്തുള്ള ആസ്​പത്രിയിലെത്തി. ഉടന്‍ തന്നെനിരവധി പരിശോധനകള്‍ക്ക് വിധേയമാകുകയും അതിലൊന്നും പ്രശ്‌നമില്ലെന്നു കാണിക്കുകയും ചെയ്തു. 

പ്രത്യേകിച്ച് ചികിത്സയൊന്നും ഇല്ലാതെ തന്നെ അല്പസമയത്തിനുള്ളില്‍ ശ്രീലതയുടെ പരിഭ്രമം മാറുകയും ആശ്വാസത്തോടെ ജോലിക്കുപോകുകയും ചെയ്തു. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥ ഒരു മാസത്തിനുള്ളില്‍ മൂന്നുനാല് പ്രാവശ്യം അനുഭവപ്പെടുകയും തന്മൂലം പുറത്ത് ഇറങ്ങാനുള്ള പേടിമൂലം ശ്രീലതയ്ക്ക് ജോലി രാജിവെക്കേണ്ടതായും വന്നു. നിരാശ ബാധിച്ച ശ്രീലത അവസാനമായി ഒരു സൈക്യാട്രിസ്റ്റിനെ സമീപിക്കുകയും രോഗം 'ഹാര്‍ട്ട് അറ്റാക്ക്' അല്ല 'പാനിക് അറ്റാക്ക്' ആണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതോടുകൂടി തന്നെ പകുതി ആശ്വാസം കിട്ടിയ ശ്രീലത മറ്റു ചികിത്സകള്‍കൂടി കഴിഞ്ഞപ്പോള്‍ പാനിക് അറ്റാക്കില്‍നിന്ന് പൂര്‍ണമായും മുക്തി നേടുകയും ചെയ്തു.

എന്താണ് പാനിക് അറ്റാക്ക്?

ഒരു വ്യക്തിക്ക് ചുറ്റുപാടുകളില്‍ നിന്നുള്ള സമ്മര്‍ദങ്ങളോ ശാരീരിക പ്രശ്‌നങ്ങളോ ഇല്ലാതെ പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് 'പാനിക് അറ്റാക്ക്'. ഈ അവസ്ഥ ഏതാനും മിനിറ്റുകളോ മണിക്കൂറുകളോ മാത്രമേ നീണ്ടുനില്‍ക്കൂ. ഈ അവസ്ഥയുടെ മൂര്‍ധന്യത്തില്‍ രോഗിക്ക് ചുറ്റുപാടുകളെക്കുറിച്ചുള്ള ഓര്‍മ നഷ്ടപ്പെടുക, ഉടന്‍ മരിക്കുമെന്ന തോന്നല്‍, ഭ്രാന്തുപിടിക്കുമെന്ന അവസ്ഥ, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നല്‍, ശരീരം വിയര്‍ക്കല്‍, കൈകാല്‍ വിറയ്ക്കുക, വായ വരളുക, ശ്വാസം മുട്ടല്‍, നെഞ്ച് മുറുകുക, തലകറക്കം എന്നിവ അനുഭവപ്പെടാം. 

അഗോറഫോബിയ

ഒറ്റപ്പെട്ട സ്ഥലങ്ങളിലോ തിക്കിലും തിരക്കിലോ അകപ്പെട്ടുപോയാല്‍ പാനിക് അറ്റാക് ഉണ്ടാകുമോ, തങ്ങള്‍ക്ക് അവിടെനിന്നു രക്ഷപ്പെടാന്‍ സാധിക്കുമോ, ചികിത്സ ലഭിക്കുമോ എന്ന നിരന്തരമായ ഭയംകാരണം വ്യക്തികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് അഗോറഫോബിയ. 

ലക്ഷണങ്ങള്‍ 

ഇനി പറയുന്ന ലക്ഷണങ്ങളില്‍ ചുരുങ്ങിയത് നാല് എണ്ണമെങ്കിലുമുള്ളവര്‍ക്ക് പാനിക് ഡിസോര്‍ഡറാണെന്ന് ഉറപ്പിക്കാം. കാരണംകൂടാതെയുള്ള ശക്തമായ ഹൃദയമിടിപ്പ്, വിയര്‍പ്പ്, വിറയല്‍, ശ്വാസം കിട്ടുന്നില്ലെന്ന തോന്നല്‍, നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ, വയറ്റില്‍ കാളിച്ച, മനംപിരട്ടല്‍, തലചുറ്റുന്നതുപോലെയുള്ള തോന്നല്‍, ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം നഷ്ടമാകല്‍, നിയന്ത്രണം നഷ്ടപ്പെട്ട് ഭ്രാന്ത് പിടിക്കുകയാണെന്ന തോന്നല്‍, ഉടന്‍ മരിച്ചുപോകുമോയെന്ന പേടി, കൈകാലുകളിലും മറ്റു ശരീരഭാഗങ്ങളിലും മരവിപ്പും ചൂടും വ്യാപിക്കലും.

എങ്ങനെ കണ്ടുപിടിക്കാം?

മുകളില്‍പറഞ്ഞ ലക്ഷണങ്ങള്‍ പല ശാരീരിക രോഗങ്ങളിലും ഉണ്ടാകാന്‍ സാധ്യതയുള്ളതു കൊണ്ട് അത്തരം അസുഖങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്താന്‍ വിശദമായ ശാരീരിക പരിശോധനയാണ് പ്രാഥമിക നടപടി. 

ചികിത്സ: 

മനോരോഗ വിദഗ്ധരുടെ ചികിത്സാ രീതി താഴെപ്പറയും വിധത്തിലായിരിക്കും. അസ്വസ്ഥമായ ചിന്തകളെക്കുറിച്ചും പാനിക് അറ്റാക്കിനോടൊപ്പം അനുഭവപ്പെടുന്ന ശാരീരിക ലക്ഷണങ്ങളെക്കുറിച്ചും വിശദമായി ആരായുക, പാനിക് അറ്റാക്ക് അനുഭവപ്പെടുമ്പോള്‍ ഉണ്ടാകുന്ന രോഗിയുടെ പെരുമാറ്റരീതികളെക്കുറിച്ചുള്ള അന്വേഷണം, മറ്റു മാനസിക രോഗങ്ങളുണ്ടോയെന്ന് പരിശോധിച്ചറിയല്‍.

ഔഷധ ചികിത്സ: ഏറ്റവും പ്രധാനപ്പെട്ടവയാണ് ആന്‍റി ഡിപ്രസന്‍സ് മരുന്നുകള്‍. പാനിക് ഡിസോര്‍ഡറിന്റെ കൂടെ വിഷാദ രോഗമുള്ളവര്‍ക്കും അഗോറ ഫോബിയയുള്ളവര്‍ക്കും ഇവ ഫലപ്രദമാണ്. ഫ്‌ളൂവോക്‌സെറ്റിന്‍, ഫ്‌ളൂവോക്‌സിന്‍, സെര്‍ട്രാലിന്‍, പരോക്‌സെറ്റിന്‍, എസിറ്റലോപ്രാം, വെന്‍ലാഫാക്‌സിന്‍ തുടങ്ങിയവ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതും കൂടുതല്‍ ഫലപ്രദവുമായ മരുന്നുകളാണ്.

ഇത്തരത്തിലുള്ള എല്ലാ മരുന്നുകളും ശരീരത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങാന്‍ മൂന്നോ നാലോ ആഴ്ചകള്‍ എടുക്കുമെന്നതിനാല്‍ ആരംഭത്തില്‍ താത്കാലികാശ്വാസത്തിന് ബന്‍സോഡയാസിപൈന്‍സ് ഗ്രൂപ്പില്‍പ്പെട്ട മരുന്നുകള്‍ കൊടുക്കാറുണ്ട്. ക്ലോണാസിപാം, ലോറാസിപാം, ഡയസിപാം, ആല്‍പ്രസോളാം തുടങ്ങിയ മരുന്നുകള്‍ ഇതിലുള്‍പ്പെടുന്നു. രോഗത്തിന് കാര്യമായ ശമനം ലഭിച്ചാല്‍ ബന്‍സോഡയാസിപൈന്‍സിന്റെ അളവ് കുറച്ചുകൊണ്ടുവന്ന് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

കോഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി

മരുന്നിലൂടെയല്ലാതെ മനഃശാസ്ത്രപരമായ സമീപനത്തിലൂടെയുംനിരന്തരമായ പെരുമാറ്റ പരിശീലനത്തിലൂടെയും രോഗികളെ അവരുടെ പ്രശ്‌നകാരണങ്ങളുമായി പൊരുത്തപ്പെടുകയും അവയെ എങ്ങനെ നിയന്ത്രിക്കാമെന്ന് പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണിത്. പാനിക് അറ്റാക്ക് സ്വയം നിയന്ത്രിക്കാനുള്ള ശ്വസനവ്യായാമങ്ങളും മറ്റു വ്യായാമങ്ങളും വിശ്രമരീതികളും കൂടി ഇതിലുള്‍പ്പെടുന്നു

With Regards
Salim Kalladi


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment